തിരുവനന്തപുരം: പാര്‍ട്ടി അനുമതി വാങ്ങാതെ ക്ഷേത്രദര്‍ശനത്തിന് പോയ സിപിഎം വെള്ളറട ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍. ലോക്കല്‍ സെക്രട്ടറി പി.കെ. ബേബിയെയാണ് ഏരിയാ കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍.
സുഹൃത്തുക്കളോടൊപ്പം മംഗളൂരുവിലെ കൊല്ലൂര്‍ മൂകാംബിക ദേവി ക്ഷേത്രത്തിലേക്ക് ബേബി അടുത്തിടെ തീര്‍ത്ഥയാത്ര നടത്തിയിരുന്നു. ആറ് ദിവസമായിരുന്ന യാത്ര. ഇത്രയും ദിവസം കാണാതെ വിവരം തിരക്കിയ നേതാക്കളോട് അത്യാവശ്യ കാര്യത്തിനായി മാറി നില്‍ക്കുകയാണെന്നായിരുന്നു ബേബി പറഞ്ഞത്.
അതേസമയം സുഹൃത്തുക്കള്‍ തീര്‍ത്ഥയാത്രയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരുടെ ഏരിയാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. യോഗത്തില്‍ വിഷയം സംബന്ധിച്ച് ദേഷ്യപ്പെട്ട് സംസാരിച്ച ബേബി മറ്റ് അംഗങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു.
ഇതോടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്‍ രതീന്ദ്രനടക്കം പങ്കെടുത്ത യോഗത്തില്‍ ബേബിക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി. തുടര്‍ന്ന് ചേര്‍ന്ന ഏരിയാ കമ്മിറ്റിയില്‍ ബേബിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമെടുക്കുകയായിരുന്നു.
















