ന്യൂദല്‍ഹി : കാശ്മീര്‍ വിഷയത്തില്‍ ഹുറിയത് തീരുമാനിക്കേണ്ടെന്നും സമയമാകുമ്പോള്‍ കേന്ദ്രഗവണ്മെന്റ് പറയുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്. കേന്ദ്രവുമായി ചര്‍ച്ചകള്‍ നടത്താമെന്ന് പറയാന്‍ ഹുറിയത് ആയിട്ടില്ലെന്നും ചര്‍ച്ചയ്‌ക്ക് സമയമായെന്ന് തോന്നുമ്പോള്‍ കേന്ദ്രം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹുറിയത് കോണ്‍ഫറന്‍സ് കേന്ദ്രവുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ചര്‍ച്ച വിളിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നടത്തിയ പരാമര്‍ശത്തോടുള്ള പ്രതികരണത്തിലാണ് രാം മാധവ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരേ നില്‍ക്കുന്ന ഭീകരവാദികളേയും വിഘടനവാദികളേയുമൊന്നും പരിഗണിയ്‌ക്കേണ്ട കാര്യവുമില്ലെന്നാണ് ബിജെപിയുടെ നയം.
കാശ്മീരില്‍ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് വസ്തുവകകള്‍ വാങ്ങാനാവില്ലെന്നും കാശ്മീരികള്‍ക്ക് പ്രത്യേകാവകാശങ്ങള്‍ നല്‍കുന്നതുമായ ഭരണഘടന 35ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന ഹര്‍ജി ഇപ്പോള്‍ സുപ്രീം കോടതിയുടെ മുന്നിലാണ്. കോടതി അതില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ.
രണ്ട് വര്‍ഷം മുന്‍പ് റിട്ടയേര്‍ഡ് ഐബി മേധാവിയായിരുന്ന ദിനേശ്വര്‍ ശര്‍മ്മ കാശ്മീരില്‍ കേന്ദ്രത്തിന്റെ പ്രത്യേക പ്രതിനിധിയായെത്തിയപ്പോള്‍ കാശ്മീരിലെ എല്ലാ നേതാക്കളേയും ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചതാണ്. അന്ന് ഹുറിയത് ചര്‍ച്ചകള്‍ക്കെത്തിയില്ല. ഇനി എന്ന് ചര്‍ച്ചകള്‍ വേണമെന്നുണ്ടെങ്കില്‍ എപ്പോള്‍ വേണമെന്ന് കേന്ദ്രം തീരുമാനിച്ചോളും, രാം മാധവ് പറഞ്ഞു.
ജമ്മു ശ്രീനഗര്‍ ദേശീയപാതയില്‍ അമര്‍നാഥ് യാത്രികര്‍ക്ക് വേണ്ടി കാശ്മീരി യാത്രക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് അവശ്യം വേണ്ട കാര്യമായിരുന്നുവെന്നും രാം മാധവ് കൂട്ടിച്ചേര്‍ത്തു.















