നോയിഡ : നിസ്സാര കാര്യങ്ങള്‍ക്കായി മുത്തലാഖ് ചൊല്ലുന്നത് രാജ്യത്ത് ഏറെ ചര്‍ച്ചയാകാറുണ്ട്. വീട്ടിലേക്ക് പച്ചക്കറി വാങ്ങാനായി 30 രൂപ ചോദിച്ചതിന് ഭാര്യയെ യുവാവ് മുത്തലാഖ് ചൊല്ലിയതാണ് പുതിയ സംഭവം. ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള റോജി മാര്‍ക്കറ്റില്‍ വെച്ചാണ് സംഭവം. മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറി വാങ്ങാനാണ് യുവതി ഭര്‍ത്താവിനോട് 30 രൂപ ചോദിച്ചത്.
32 കാരനായ സബീര്‍ ആണ് തന്റെ ഭാര്യ സൈനബയെ ഇതിന്റെ പേരില്‍ മുത്തലാഖ് ചൊല്ലിയത്. അതും പോരാഞ്ഞ് ഭാര്യയെ ഇയാള്‍ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. അതേസമയം കല്യാണം കഴിഞ്ഞ അന്നുമുതല്‍ വിചിത്രമായ രീതിയിലാണ് ഇയാളുടെയും കുടുംബാംഗങ്ങളുടെയും പെരുമാറ്റമെന്ന് യുവതിയുടെ പിതാവും ആരോപിക്കുന്നുണ്ട്.
സാബിര്‍ മുമ്പ് മകളുടെ തലയില്‍ വടികൊണ്ട് അടിച്ചിരുന്നു. അഞ്ച് ദിവസം തങ്ങളോടൊപ്പം വന്ന് താമസിച്ചത് ഇഷ്ടപ്പെടാതെ സൈനബയില്‍ നിന്ന് വിവാഹ മോചനം വേണമെന്ന് സാബിര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇദ്ദേഹം വെളിപ്പെടുത്തി.
അതിനിടെ മുത്തലാഖ് വിഷയത്തില്‍ ദാദ്രി പോലീസ് കേസെടുത്ത് സാബിറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കൂടാതെ സൈനബയെ ഉപദ്രവിച്ചതിന് സാബിറിന്റെ മാതാവ്, സഹോദരി എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
മുത്തലാഖ് ചൊല്ലിയെന്ന ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും, വിഷയം കുടുംബ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും പോലീസ് കുട്ടിച്ചേര്‍ത്തു.
















