ന്യൂദല്‍ഹി : കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിങ് ഇത്തവണ തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കില്ല. സഖ്യകക്ഷിയായ ഡിഎംകെ രാജ്യസഭാ സീറ്റ് നല്‍കാത്ത സാഹചര്യത്തിലാണ് തമിഴ്‌നാട്ടില്‍ നിന്ന് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയില്ലാത്തത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരിട്ട് ആവശ്യപ്പെടാത്തതിനാല്‍ മന്‍മോഹന്‍ സിങ്ങിന് സീറ്റ് നല്‍കേണ്ടതില്ലെന്ന് ഡിഎംകെ തീരുമാനിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ്സും ഡിഎംകെയും തമ്മിലുള്ള അനൈക്യമാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലും ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് മന്‍മോഹന്‍ സിങ്ങിന് ഇത്തവണ സീറ്റില്ലന്ന് നേതൃത്വം അറിയുന്നത്. എംഡിഎംകെ നേതാവ് വൈക്കോ, ഡിഎംകെ അനുഭാവിയും മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലുമായ പി. വില്‍സണ്‍, ഡിഎംകെ നേതാവ് എം. ഷണ്‍മുഖം എന്നിവരെയാണ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യസഭാംഗത്വത്തിനായി മന്‍മോഹന്‍സിങ്ങിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഡിഎംകെയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. പാര്‍ലമെന്റില്‍ ബിജെപിയെ പ്രിതിരോധിക്കുന്നതിന് മന്‍മോഹന്‍സിങ്ങിന്റെ സാന്നിധ്യം ഒഴിച്ചുകൂടാനാവില്ലെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ വിലയിരുത്തല്‍. ഡിഎംകെയും ഇത് ആദ്യം സമ്മതിച്ചതാണ്. എന്നാല്‍ ഹൈക്കമാന്‍ഡ് ഇത് നേരിട്ട് ആവശ്യപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മന്‍മോഹന്‍ സിങ്ങിന് സിറ്റ് നല്‍കാന്‍ ഡിഎംകെ തയ്യാറാകാതിരുന്നത്. ഹൈക്കമാന്‍ഡ് ആവശ്യപ്പെടാതെ സീറ്റ് നല്‍കേണ്ടതില്ലെന്ന് ഡിഎംകെ നേതൃത്വവും സ്റ്റാലിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ലോക് സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് മുന്‍ പ്രധാനമന്ത്രിക്ക് രാജ്യസഭാ സീറ്റ് നല്‍കേണ്ടതില്ലെന്ന് ഡിഎംകെ തീരുമാനിച്ചിരിക്കുന്നത്.
















