ബര്‍മിങ്ഹാം: എതിരാളികളെ നിഷ്‌ക്കരുണം അരിഞ്ഞുവീഴ്‌ത്തി ലോകകപ്പില്‍ കുതിച്ചു പായുന്ന കോഹ്‌ലിപ്പട സെമി ലക്ഷ്യമിട്ട് ആവേശപ്പോരിനിറങ്ങുന്നു. ആതിഥേയരായ ഇംഗ്ലണ്ടാണ് പ്രതിയോഗികള്‍. ആരാധകരുടെ മുന്നില്‍ ഇംഗ്ലണ്ടിനെയും അടിച്ചിട്ടാല്‍ ഇന്ത്യക്ക് ലോകകപ്പില്‍ സെമി ഉറപ്പാകും. പുതിയ ഓറഞ്ച് ജേഴ്‌സിയിലാണ് ഇന്ത്യ ഇറങ്ങുക. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നിന് എഡ്ജ്ബാസ്റ്റണിലാണ് ഈ ഹൈവോള്‍ട്ട ് പോരാട്ടം. പിച്ച് ബാറ്റിങ്ങിന് അനുകൂലമായതിനാല്‍ മത്സരത്തില്‍ റണ്ണൊഴുകുമെന്നുറപ്പാണ്.
കളിച്ച മത്സരങ്ങളിലൊക്കെ വിജയം സ്വന്തമാക്കിയ ഇന്ത്യ ആറു മത്സരങ്ങളില്‍ പതിനൊന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുകയാണ്. ഇന്നും വിജയക്കൊടി നാട്ടിയാല്‍ പതിമൂന്ന്് പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തും. കൂടാതെ അവസാന നാലിലും ഇടം നേടും.
അതേസമയം, ലോകകപ്പ് തുടങ്ങുന്നതിന് മുമ്പേ കിരീട പ്രതീക്ഷ കല്‍പ്പിക്കപ്പെട്ട ഇംഗ്ലണ്ടിന് ഇന്ത്യയുമായുള്ള മത്സരം നിര്‍ണായകമാണ് . തോറ്റാല്‍ സെമിയിലേക്കുളള അവരുടെ വഴി മിക്കവാറും അടയും. ഏഴു മത്സരങ്ങളില്‍ എട്ട് പോയിന്റുള്ള ഇംഗ്ലണ്ട് നാലാം സ്ഥാനത്താണ്. അടുത്തിടെവരെ ലോക ഒന്നാം നമ്പര്‍ സ്ഥാനം അലങ്കരിച്ചിരുന്ന ഇംഗ്ലണ്ടിന് നിര്‍ണായക മത്സരങ്ങളില്‍ ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍, ശ്രീലങ്ക ടീമുകളോട്് തോറ്റതാണ് തിരിച്ചടിയായത്. സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ന് അവര്‍ക്ക് ഇന്ത്യയെ തോല്‍പ്പിക്കണം.
പക്ഷെ ഇതുവരെ തോല്‍വിയറിയാതെ കുതിച്ചുപായുന്ന കോഹ്‌ലിപ്പടയ്‌ക്ക് കടിഞ്ഞാണിടാന്‍ മോര്‍ഗന്റെ ടീമിന് കഴിയുമോയെന്ന് കണ്ടറിയണം. വിന്‍ഡീസിനെ വീഴ്‌ത്തിയതിന്റെ കരുത്തുമായാണ് ഇന്ത്യ ഇറങ്ങുന്നത്. വിന്‍ഡീസിനെതിരെ ബാറ്റിങ് നിറം മങ്ങിയെങ്കിലും ബൗളിങ്ങിന്റെ കരുത്തില്‍ ഇന്ത്യ വിജയം പിടിക്കുകയായിരുന്നു. മധ്യനിരയുടെ പിടിപ്പുകേടാണ് ഇന്ത്യയുടെ ഏക പ്രശ്‌നം. നാലാം നമ്പറില്‍ പരീക്ഷിക്കപ്പെട്ട വിജയ് ശങ്കര്‍ പരാജയമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ ശങ്കറിന് പകരം ഋഷഭ് പന്തിനെയോ കാര്‍ത്തിക്കിനെയോ ഇറക്കിയേക്കും.
രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മികച്ച ഫോമാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത്. ഇന്ത്യന്‍ ബൗളിങ്ങും ബഹദൂരം മുന്നിലാണ്. പേസര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരും സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലുമാണ് ഇന്ത്യന്‍ ബൗളിങ്ങിനെ നയിക്കുന്നത്. രണ്ട് മത്സരങ്ങള്‍ കളിച്ച ഷമി ഹാട്രിക്ക് അടക്കം എട്ട വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
സ്വന്തം മണ്ണില്‍ അവസാനം കളിച്ച ഏകദിന പരമ്പരയില്‍ ഇന്ത്യയെ 2-1ന് കീഴടക്കിയതിന്റെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങുന്നത്. അന്നത്തെ പരമ്പരയില്‍ പക്ഷെ ഇന്ത്യയുടെ തുറുപ്പുചീട്ടായ ബുംറ പരിക്കനെ തുടര്‍ന്ന് കളിച്ചില്ല.
ക്യാപ്റ്റന്‍ മോര്‍ഗന്‍, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍ എന്നിവരടങ്ങുന്ന ഇംഗ്ലീഷ് ബാറ്റിങ് നിര ശക്തമാണ്. ജോഫ്ര ആര്‍ച്ചറാണ് അവരുടെ ബൗളിങ് നിരയെ നയിക്കുന്നത്്.
















