മാഞ്ചസ്റ്റര്‍: നാലാം നമ്പര്‍ വീണ്ടും ഇന്ത്യക്ക് തലവേദനയാകുന്നു. ലോകകപ്പില്‍ വിന്‍ഡീസിനെതിരെ നാലാം നമ്പറിലിറങ്ങിയ വിജയ് ശങ്കര്‍ തുടര്‍ച്ചയായി രണ്ടാം തവണയും പരാജയപ്പെട്ടു. ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ പരിചയ സമ്പന്നനല്ലാത്ത വിജയ് ശങ്കറെ കളിപ്പിക്കുന്നതിനെ ചോദ്യം ചെയ്യുകയാണ് ക്രിക്കറ്റ് പണ്ഡിതര്‍.
സ്‌പെഷ്യലിസ്റ്റ്് ബാറ്റ്‌സ്മാന്മാരായ റോസ് ടെയ്‌ലര്‍, ഇയോന്‍ മോര്‍ഗന്‍, ഡു പ്ലെസിസ്, സ്റ്റീവ് സ്മിത്ത്, മുഹമ്മദ് ഹഫീസ് തുടങ്ങിയ പരിചയ സമ്പന്നരാണ് ലോകകപ്പില്‍ നാലാം നമ്പറിലിറങ്ങുന്നത്. ഇന്ത്യ ഈ സ്ഥാനത്തേക്ക് ഓള്‍ റൗണ്ടറും ഏറെ പരിചയവുമില്ലാത്ത വിജയ് ശങ്കറെ കളിപ്പിക്കുന്നത് ശരിയല്ലെന്നാണ് വിഗദ്ധരുടെ വാദം. പാക്കിസ്ഥാനെതിരെ മാത്രമാണ് വിജയ് ശങ്കര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. അഫ്ഗാനിസ്ഥാന്‍, വീന്‍ഡീസ് എന്നീ ടീമുകള്‍ക്കെതിരെ വിജയ് ശങ്കര്‍ പരാജയപ്പെട്ടു.
ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റ് മടങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ധവാന്‍ മടങ്ങിയതോടെ, നാലാം നമ്പറില്‍ കളിച്ചുകൊണ്ടിരുന്ന കെ.എല്‍. രാഹുലിനെ ഇന്ത്യക്ക് ഓപ്പണറാക്കേണ്ടിവന്നു. അതോടെ നാലാം നമ്പര്‍ വീണ്ടും പ്രശ്‌നമായി.
വിജയ് ശങ്കര്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സാഹചര്യത്തില്‍ അടുത്ത മത്സരത്തില്‍ ഇന്ത്യ നാലാം നമ്പറില്‍ കാര്‍ത്തിക്കിനോ യുവതാരം ഋഷഭ് പന്തിനോ അവസരം നല്‍കിയേക്കും.
സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായാണ് ദിനേശ് കാര്‍ത്തിക്കിനെ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. പരിചയ സമ്പന്നനായ ബാറ്റ്‌സ്മാനാണ് കാര്‍ത്തിക്ക്. തകര്‍ത്തടിക്കാനും കെല്‍പ്പുണ്ട്.
ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ അറിയാവുന്ന ഋഷഭ് പന്തിനെ നാലാം നമ്പറില്‍ കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൃഷ്ണമാചാരി ശ്രീകാന്ത് ആവശ്യപ്പെട്ടു.
















