ന്യൂദല്‍ഹി: രാജ്യത്തിന്റെ ഏത് ഭാഗത്തും പൊതുവിതരണ സംവിധാനം വഴിയുള്ള റേഷന്‍ ലഭ്യമാക്കുന്നതിനായി ‘ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്’ എന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വന്‍ അദ്ധ്യക്ഷനായ യോഗമാണ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഒരു വര്‍ഷത്തിനകം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി, ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന പാവപ്പെട്ടവര്‍ക്കും ആശ്വാസം പകരുന്നതാകും. ഇതിനായി എല്ലാ പൊതുവിതരണ കേന്ദ്രങ്ങളിലും പിഒസ് (പോയിന്റ് ഓഫ് സെയില്‍) യന്ത്രങ്ങള്‍ സ്ഥാപിക്കും.
നിലവില്‍ ആന്ധ്രപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളില്‍ ഇതുണ്ട്. ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഹരിയാന, ഝാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മഹാരാഷ്‌ട്ര, രാജസ്ഥാന്‍, തെലങ്കാന, ത്രിപുര സംസ്ഥാനങ്ങള്‍ ഐഎംപിഡിഎസ് നടപ്പാക്കിയിട്ടുണ്ട് (ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം) നടപ്പാക്കിയിട്ടുണ്ട്.
പദ്ധതി പ്രഖ്യാപന യോഗത്തില്‍ സംസ്ഥാനങ്ങളിലെ ഭക്ഷ്യ സെക്രട്ടറിമാരും ഉദ്യോഗസ്ഥരും ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്സിഐ), സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോ-ഓപ്പറേഷന്‍ (സിഡബ്ല്യുസി), സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍സ് (എസ് ഡബ്ല്യു സി) പ്രതിനിധികളും പങ്കെടുത്തു.
















