സതാംപ്ടണ്‍: അഫ്ഗാനിനെതിരെ തകര്‍ത്തുകളിച്ച് ബംഗ്ലാദേശിന് വിജയം സമ്മാനിച്ച ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പില്‍ ഇന്ത്യയെ അട്ടിമറിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ജൂലൈ രണ്ടിനാണ് ഇന്ത്യ- ബംഗ്ലാദേശ് പോരാട്ടം.
കോഹ്‌ലിപ്പടയെ കുഴപ്പത്തിലാക്കാന്‍ തന്റെ ടീമിന് കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഷാക്കിബ്്. 2007 ലെ ലോകകപ്പില്‍ ഇന്ത്യക്കെതിരെ നേടിയതുപോലൊരു വിജയം ഇത്തവണയും ലക്ഷ്യമിടുകയാണ്. കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ശക്തമായ ടീമാണ് ഇന്ത്യ. അവരെ തോല്‍പ്പിക്കുക പ്രയാസമാണ്. എന്നിരുന്നാലും വിജയത്തിനായി മികച്ച പ്രകടനം തന്നെ കാഴ്ചവയ്‌ക്കുമെന്ന് ഷാക്കിബ് പറഞ്ഞു.
ഒറ്റയ്‌ക്ക് കളിയുടെ ഗതിമാറ്റാന്‍ കഴിയുന്ന ലോക നിലവാരമുളള കളിക്കാരുടെ ടീമാണ് ഇന്ത്യ. പക്ഷെ മികച്ച കളി പുറത്തെടുത്താല്‍ ഇന്ത്യയെ വീഴ്‌ത്താനാകുമെന്ന് ഷാക്കിബ് കൂട്ടിച്ചേര്‍ത്തു.
ബാറ്റും പന്തും കൊണ്ട് ഷാക്കിബ് നടത്തിയ മിന്നുന്ന പ്രകടനമാണ് ബംഗ്ലാദേശിന് അഫ്ഗാനിസ്ഥാനെതിരെ 62 റണ്‍സ് വിജയമൊരുക്കിയത്. ഇതോടെ ബംഗ്ലാ കടുവകളുടെ സെമിഫൈനല്‍ സാധ്യതകള്‍ സജീവമായി. ഏഴു മത്സരങ്ങളില്‍ ഏഴു പോയിന്റുമായി ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്താണ്. നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനെക്കാള്‍ ഒരു പോയിന്റിന് പിന്നില്‍. 11 പോയിന്റുമായി ന്യൂസിലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയ(10), ഇന്ത്യ(9) എന്നിവയാണ് രണ്ട് മൂന്ന് സ്ഥാനങ്ങളില്‍.
51 റണ്‍സ് നേടിയ ഷാക്കിബ് പത്ത് ഓവറില്‍ 29 റണ്‍സിന് അഞ്ചു വിക്കറ്റും സ്വന്തമാക്കി. ഈ ലോകകപ്പിലെ മികച്ച ബൗളിങ് ഫിഗറാണിത്. ഏകദിനത്തില്‍ ഷാക്കിബിന്റെ മികച്ച പ്രകടനവും ഇതുതന്നെ.
ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ അമ്പത് റണ്‍സും അഞ്ചു വിക്കറ്റും നേടിയ രണ്ടാമത്തെ താരമാണ് ഷാക്കിബ്. ഇന്ത്യയുടെ യുവരാജ് സിങ്ങാണ് ഈ നേട്ടം കൈവരിച്ച ആദ്യ താരം. 2011 ലെ ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെയാണ് യുവരാജ് ഈ നേട്ടം സ്വന്തമാക്കിയത്.
ബംഗ്ലാദേശ് മുന്നോട്ടുവെച്ച 263 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ 47 ഓവറില്‍ 200 റണ്‍സിന് പുറത്തായി.
















