തിരുവനന്തപുരം: പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ ആശംസ പ്രസംഗം നടത്തിയത് പോലീസിനെ ആക്രമിച്ച പ്രതി. സിപിഎം കൗണ്‍സിലര്‍ ഐ.പി. ബിനുവാണ് സമ്മേളനത്തില്‍ ആശംസപ്രസംഗം നടത്തിയത്. ബിജെപി സംസ്ഥാന ഓഫീസ് ആക്രമിക്കവെ തടയാന്‍ ശ്രമിച്ച പോലീസുകാരനെ സിപിഎം കൗണ്‍സിലര്‍ ഐ.പി. ബിനു ആക്രമിച്ചിരുന്നു. ബിനുവിന്റെ പേരില്‍ കേസും ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. ബിനുവായിരുന്നു കഴിഞ്ഞ ദിവസത്തെ അസോസിയേഷന്‍ ജില്ലാസമ്മേളന അനുമോദന യോഗത്തില്‍ ആശംസാപ്രസംഗം നടത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമ്മേളനവേദിയിലേക്ക് മാര്‍ച്ച് നടത്തി.
ബിനുവിനെ പങ്കെടുപ്പിക്കരുതെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടെങ്കിലും പങ്കെടുപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡയിത്തിനു സമീപം പോലീസ് തടഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
തലസ്ഥാനത്തെ പോലീസ് സംവിധാനം ഗുണ്ടകളുടെയും കഞ്ചാവ് ലോബികളുടെയും പിടിയിലമര്‍ന്നിരിക്കുകയാണെന്ന് സുരേഷ് പറഞ്ഞു. കൗണ്‍സിലര്‍മാരോടൊപ്പം വേദി പങ്കിട്ട പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണം.
ഡിജിപിക്ക് പരാതി നല്‍കുമെന്നും സുരേഷ് പറഞ്ഞു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മജ്ഞിത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ രാജാജി നഗര്‍ മഹേഷ്, മണവാരി രതീഷ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, വെങ്ങാനൂര്‍ ഗോപകുമാര്‍, ജയചന്ദ്രന്‍, രാഹുല്‍ കാശിനാഥ്, വെങ്ങാനൂര്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















