തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ എയ്ഡഡ് സ്‌കൂളുകളിലായി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍ പെടാത്ത ഒരു ലക്ഷം രൂപ പിടിച്ചെടുത്തു. അധ്യാപക നിയമനം സ്ഥിരപ്പെടുത്താന്‍ പണം വാങ്ങുന്നുവെന്ന പരാതിയില്‍ ഹയര്‍ സെക്കന്‍ഡറി മലപ്പുറം മേഖല ഉപഡയറകടറുടെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത ഒരു ലക്ഷം രൂപ കണ്ടെത്തിയത്.
തെരഞ്ഞെടുക്കപ്പെട്ട 45 ഓളം എയ്ഡഡ് സ്‌കൂളുകളിലും, 15 ഓളം പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിലുമായി ഓപ്പറേഷന്‍ ഈഗിള്‍ വാച്ച് എന്നപേരിലാണ് വിജിലന്‍സ് തെരച്ചില്‍ നടത്തുന്നത്.
ഉയര്‍ന്ന വിജയശതമാനവും ഗുണ നിലവാരവും പുലര്‍ത്തുന്ന സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ പ്രവേശനത്തിനായി രക്ഷിതാക്കളില്‍ നിന്നും പണം വാങ്ങുക. എയ്ഡഡ് സ്‌കൂളിലെ അധ്യാപക,അനധ്യാപക തസ്തികകളിലുള്ള നിയമനങ്ങളുടെ ക്രമക്കേടുകള്‍, റിട്ടയര്‍മെന്റ് ഒഴിവുകള്‍ നികത്തുന്നതിനുള്ള ഫയലുകളില്‍ താമസം വരുത്തുക. മാനേജ്‌മെന്റുകള്‍ സ്‌കൂള്‍ പ്രവേശന സമയത്ത് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും പ്രവേശനം ലഭിക്കുന്നതിന് വേണ്ടി അനധികൃതമായി വന്‍ തുക വാങ്ങുക, തുടങ്ങിയവക്കെതിരെ കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
















