തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷ പരിപാടിക്ക് ആളെക്കൂട്ടാന്‍ ഉത്തരവിറക്കി. ഇത്തവണ തൊഴിലുറപ്പ് തൊഴിലാളികളെ വിട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് പിടിച്ചത്. തിരുവനന്തപുരം ജില്ലാ കളക്ടറാണ് എല്ലാ ജില്ലാ തല ഉദ്യോഗസ്ഥര്‍ക്കും എന്നു പറഞ്ഞ് ഉത്തരവിറക്കിയിട്ടുള്ളത്.
മെയ് 25ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനം എന്നാണ് ഉത്തരവില്‍ സൂചിപ്പിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് നാലിന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലെ പൊതുയോഗത്തില്‍ താങ്കളുടെ അധികാര പരിധിയിലുള്ള മുഴുവന്‍ ജീവനക്കാരെയും നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്നും യോഗത്തില്‍ ആദ്യാവസാനം പങ്കെടുക്കുന്ന ജീവനക്കാരുടെ പങ്കാളിത്തം ഓഫീസ് മേലധികാരികള്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കില്ലെന്ന സൂചനയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിപ്പിച്ച് പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഉത്തരവിറക്കിയതെന്നും സൂചന.
















