ഗുരുവായൂര്‍: ഒരു കാരണവര്‍ നടന്നു വരുന്നതു പോലെയായിരുന്നു ചുറ്റും നിരന്ന അംഗരക്ഷകര്‍ക്കും കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കും നടുവിലൂടെ കേരളീയ വേഷത്തില്‍ മോദിയുടെ വരവ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രധാനമന്ത്രി എന്ന് ഇസ്രയേല്‍ രാഷ്‌ട്രത്തലവന്‍ പുകഴ്‌ത്തിയ മോദി ഗുരുവായൂരിലെത്തിയപ്പോള്‍ ആരാധകരുടെ ഉള്ളില്‍ ആ വേഷവിധാനം പകര്‍ന്നത് പ്രധാനമന്ത്രിയോടുള്ള ബഹുമാനത്തിലധികം തങ്ങളുടെ പ്രിയപ്പെട്ടവനോടുള്ള ആരാധനയായിരുന്നു.
പരമ്പരാഗത ശൈലിയിലുള്ള മുണ്ടും ജുബ്ബയുമണിഞ്ഞാണ് മോദി ഗുരുവായൂരിലെത്തിയത്. ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ നിന്ന് ജുബ്ബ മാറ്റി ഷാള്‍ പുതച്ച് ക്ഷേത്ര ദര്‍ശനം നടത്തി. അഭിനന്ദന്‍ സഭയിലെത്തുമ്പോള്‍ വീണ്ടും രാവിലത്തെ വേഷം.
വേദിയിലെ പ്രമുഖ നേതാക്കളെ അഭിസംബോധന ചെയ്ത ശേഷം അദ്ദേഹം തുടങ്ങിയത് മലയാളത്തില്‍. ‘പ്രിയപ്പെട്ട സഹോദരി സഹോദരന്മാരേ.. എല്ലാവര്‍ക്കും ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ’ എന്ന് പ്രാര്‍ത്ഥനാപൂര്‍വ്വം അദ്ദേഹം പറഞ്ഞപ്പോള്‍ മിനിറ്റുകളോളം സദസില്‍ കരഘോഷങ്ങളും മോദി വിളികളും മാത്രം. ഗുരുവായൂരിലെത്താനും നിങ്ങളെയൊക്കെ കാണാനും കഴിഞ്ഞ താന്‍ അനുഗ്രഹീതനാണ് എന്ന് അദ്ദേഹം പറഞ്ഞത് രാഷ്‌ട്രഭാഷയിലാണെങ്കിലും ജനം ഹര്‍ഷാരവങ്ങളോടെയാണ് അതും സ്വീകരിച്ചത്.
















