കൊച്ചി: സിറോ മലബാര്‍ സഭയിലെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ മൂന്നാം പ്രതി ആദിത്യന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. പ്രോസിക്യൂഷന്റെ എതിര്‍വാദം തള്ളിയ കോടതി പോലീസ് നടപടികളെ വിമര്‍ശിച്ചു.
വ്യവസ്ഥകളോടെയാണ് ജാമ്യം. ഒന്നും നാലും പ്രതികളായ ഫാ. പോള്‍ തേലക്കാട്, ഫാ. ടോണി കല്ലൂക്കാരന്‍ എന്നിവരുമായി ഇടപെടരുത്. അവര്‍ താമസിക്കുന്നിടത്തെ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്. പോലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ ഹാജരാകണം, എന്നിവയാണ് വ്യവസ്ഥകള്‍.
വികാരിമാരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതു വരെ ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. ഇത് കോടതിയുടെ വിമര്‍ശനത്തിനിടയാക്കി. ഇത്രയും ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്തത് എന്തു കാര്യത്തിനാണെന്നും പരീക്ഷയ്‌ക്ക് ഒരുങ്ങുന്ന വിദ്യാര്‍ഥിയോട് എന്തിനാണ് ഇങ്ങനെ പെരുമാറിയതെന്നും കോടതി ചോദിച്ചു. ആദിത്യനെ കസ്റ്റഡിയില്‍ മര്‍ദിച്ചതിന് ഇന്നും പോലീസിസിനെ കോടതി വിമര്‍ശിച്ചു.
കേസിലെ ഒന്നും നാലും പ്രതികളായ പുരോഹിതരുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഇവരെ നാളെ മുതല്‍ ഏഴു ദിവസം ചോദ്യം ചെയ്യാമെന്നും ജൂണ്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി പോലീസിനോട് നിര്‍ദേശിച്ചു. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലായിരുന്നു നിര്‍ദേശം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ആദിത്യനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ഞായറാഴ്ച മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. തിങ്കളാഴ്ച വീണ്ടും കസ്റ്റഡിയില്‍ വാങ്ങി, അതിനിടെ, കസ്റ്റഡി മര്‍ദനത്തിന് ഇരയായി എന്ന ആദിത്യന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കാക്കനാട് മജിസ്ട്രേറ്റ് കോടതി കേസെടുത്തു.
















