കൊച്ചി: സംസ്ഥാനത്ത് പ്രളയപ്രതിരോധത്തേക്കാള്‍ അടിയന്തര പരിഗണനയും നടപടികളും വേണ്ടത് അഗ്നി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക്. എന്നാല്‍, ഏറ്റവും കുറവ് ശ്രദ്ധ സര്‍ക്കാര്‍ നല്‍കുന്ന മേഖലയാണിത്. ദുരന്ത നിവാരണ പദ്ധതികളും നിര്‍വഹണവും ചര്‍ച്ച ചെയ്യുമ്പോഴും തീപ്പിടിത്തം മുഖ്യ വിഷയമാകുന്നില്ല.
അഗ്‌നി രക്ഷാ സേന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യക്കുറവാണ്. കെട്ടിടങ്ങളുടെ നാലുവശത്തും മുകള്‍ഭാഗവും വഴിയാണ് രക്ഷാപ്രവര്‍ത്തനവും തീ അണയ്‌ക്കല്‍ ശ്രമവും നടത്തേണ്ടത്. എന്നാല്‍, കേരളത്തില്‍ ഒരു കെട്ടിടത്തിനും ഇത്തരത്തില്‍ സുഗമ പ്രവര്‍ത്തനത്തിന് സംവിധാനമില്ല. ഇടുങ്ങിയ വഴികളായിരിക്കും, കെട്ടിടങ്ങളുടെ മുകളില്‍ ഹെലിക്കോപ്ടര്‍ ഇറക്കാനോ അതുവഴി രക്ഷാ പ്രവര്‍ത്തനം നടത്താനോ പറ്റാത്ത വിധം അടച്ചുകെട്ടിയിരിക്കും. ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കെട്ടിട നിര്‍മാണ വകുപ്പിന്റെ സഹകരണമാണ് വേണ്ടത്.
വലിയ കെട്ടിടങ്ങള്‍ക്ക് പ്രത്യേക ഫയര്‍ എക്‌സിറ്റുകള്‍ ആവശ്യമാണ്. ഫയര്‍ എഞ്ചിനുകളില്‍നിന്ന് വെള്ളം കയറ്റി വിട്ടാല്‍ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തും വിധം ഫയര്‍ ഹൈഡ്രന്റുകള്‍ ഉണ്ടാവണം. കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുമ്പോള്‍ ഇവയൊക്കെ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. പക്ഷേ, ഇതൊന്നും കൃത്യമായി വിലയിരുത്താറില്ല.
കൂറ്റന്‍ കെട്ടിടങ്ങളിലെ ജീവനക്കാര്‍ക്കും തീപ്പിടിത്തം സംഭവിച്ചാല്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കേണ്ടതുണ്ട്. ഇത്തരത്തില്‍ പരിശീലനം ലഭിച്ചിട്ടുണ്ടോ എന്നും ആധുനിക ഉപകരണങ്ങള്‍ സ്ഥാപനങ്ങളിലും ഉണ്ടെന്ന് ഉറപ്പുവരുത്തുകയും വേണ്ടതാണ്.
ഏത് അത്യാഹിതങ്ങളിലും ആദ്യം സഹായവും സേവനവും കിട്ടേണ്ടത് പ്രദേശ വാസികളില്‍നിന്നാണ്. സാധാരണക്കാരെ ഉള്‍പ്പെടുത്തി പ്രാദേശികമായ സന്നദ്ധ വിഭാഗം തയാറാക്കേണ്ടതുമുണ്ട്.
ദുരന്തനിവാരണ സമിതികളും സംവിധാനങ്ങളും ഇക്കാര്യങ്ങളില്‍ വേണ്ടത്ര ഗൗരവം കൊടുക്കുന്നില്ല എന്നതാണ് സ്ഥിതി.
















