കോഴിക്കോട്: ഇന്ത്യന്‍ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി സര്‍വീസിലേക്ക് (ഐപിഇഎസ്എസ്) രണ്ടു മലയാളികള്‍. കാല്‍ നൂറ്റാണ്ടിനുശേഷമാണ് മലയാളികള്‍ ഈ സര്‍വീസിലെത്തുന്നത്. ഫാക്ട് കൊച്ചിന്‍ ഡിവിഷനിമെല അസിസ്റ്റന്റ് മാനേജര്‍മാരായ ടി. അനില്‍കുമാറും പി.എ. രഞ്ജിത്തുമാണ് ഈ നേട്ടം കൈവരിച്ചത്. ടി. അനില്‍കുമാര്‍ സള്‍ഫ്യൂറിക് ആസിഡ് പ്ലാന്റ് (പ്രൊഡക്ഷന്‍സ്) സെക്ഷനിലും പി.എ. രഞ്ജിത് ടെക്‌നിക്കല്‍ സര്‍വീസ് സെക്ഷനിലുമാണ്.
കേന്ദ്ര വാണിജ്യമന്ത്രാലയത്തിനു കീഴിലെ പെട്രോളിയം ആന്‍ഡ് സേഫ്റ്റി ഓര്‍ഗനൈസേഷനിലാണ് ഐപിഇഎസ്എസുകാര്‍ സേവനം നടത്തുക. എക്‌സ്‌പ്ലോസീവ്‌സ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ തസ്തികയിലാണ് ഇവര്‍ക്ക് നിയമനം. കേരളത്തില്‍ കാക്കനാടാണ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സിന് ഓഫീസുള്ളത്. എക്‌സ്‌പ്ലോസീവ്‌സ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളറായ ഡോ.ആര്‍. വേണുഗോപാലാണ് ഏറ്റവും ഒടുവില്‍ കേരളത്തില്‍ നിന്ന് ഐപിഇഎസ്എസില്‍ എത്തിയത്. 23 വര്‍ഷങ്ങള്‍ക്കു മുമ്പാണിത്.
യുപിഎസ്‌സി 2018ല്‍ നടത്തിയ പരീക്ഷയില്‍ അനില്‍കുമാര്‍ അഞ്ചാം റാങ്കും രഞ്ജിത് ഒമ്പതാം റാങ്കും നേടിയിരുന്നു. അഞ്ചാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഐപിഇഎസ്എസിനെയും സിവില്‍ സര്‍വീസ് പോലെ കേഡര്‍ തസ്തികയാക്കി. ബിടെക് ബിരുദമുള്ള കെമിക്കല്‍ എഞ്ചിനീയര്‍മാര്‍ക്കുള്ള തസ്തികയാണ് ഐപിഇഎസ്എസ്. ബിടെക് ബിരുദത്തിനൊപ്പം മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും അപേക്ഷകര്‍ക്ക് വേണം. കോഴിക്കോട് കൊയിലാണ്ടി ചേമഞ്ചേരി തയ്യില്‍ വീട്ടില്‍ ടി. ഉണ്ണിനായരുടെയും ദേവിയുടെയും മകനാണ് ടി. അനില്‍കുമാര്‍. ഭാര്യ: അഞ്ജു. മകള്‍: ഗായത്രി നന്ദ. തൃശൂര്‍ പറപ്പൂക്കര പഞ്ചായത്തിലെ നെടുമ്പാള്‍ പടുക്കപ്പറമ്പില്‍ അയ്യപ്പക്കുട്ടിയുടെയും രമണിയുടെയും മകനാണ് പി.എ. രഞ്ജിത്ത്.
















