ജോധ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സ്വയം പ്രഖ്യാപിത ആള്‍ദൈവം 90 വയസ്സുകാരന്‍ ആശാറാം ബാപ്പുവിന് ജാമ്യം നല്‍കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഇയാളുടെ ആരോഗ്യസ്ഥിതി അപകടത്തിലാകുന്ന ഘട്ടത്തില്‍ അക്കാര്യം അറിയിക്കാനും അപ്പോള്‍ അപേക്ഷ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
2013 ഓഗസ്റ്റില്‍, പ്രായപൂര്‍ത്തിയാകാത്ത ഒരു ഭക്തയെ ആശാറാം ബാപ്പു ജോധ്പൂരിലെ മനായിയിലുള്ള ആശ്രമത്തില്‍ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുകയും ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയയാക്കുകയുമായിരുന്നു.
വിചാരണ കോടതി ആശാറാം ബാപ്പുവിനെയും കൂട്ടുപ്രതികളായ ഹോസ്റ്റല്‍ വാര്‍ഡന്‍ സഞ്ചിത ശില്‍പിയെയും സ്‌കൂള്‍ ഡയറക്ടര്‍ ശരദ് ചന്ദ്രയെയും ശിക്ഷിച്ചു. രാജസ്ഥാന്‍ ഹൈക്കോടതി ശിക്ഷ ശരിവച്ചു.
ആശാറാമിന് നല്‍കുന്ന മെഡിക്കല്‍ സൗകര്യങ്ങള്‍ തുടരാമെന്നും ഇടക്കാല ജാമ്യം സംബന്ധിച്ച ചോദ്യം പിന്നീടുള്ള ഘട്ടത്തില്‍ മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും സുപ്രിം കോടതി വ്യക്തമാക്കി.
















