ന്യൂദൽഹി: തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര തന്റെ സെല്‍ഫിക്കൊപ്പം ട്വിറ്ററില്‍ പങ്കു വെച്ചത് പരാഗ്വേയുടെ പതാക. വോട്ട് രേഖപ്പെടുത്തിയതിന് തൊട്ടു പിറകെയാണ് മഷി പുരണ്ട വിരലുമായി വാദ്രയുടെ സെല്‍ഫി.
”നമ്മുടെ അവകാശമാണ് നമ്മുടെ ശക്തി. എല്ലാവരും വോട്ട് രേഖപ്പെടുത്തു. ഞങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണ വേണം. നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി ഒരു മികച്ച ഭാവി സൃഷ്ടിക്കാന്‍, രാജ്യത്തെ മതേതര സുരക്ഷിത ഭാവിക്കായി ഒരു വോട്ട്”. ഇതായിരുന്നു വാദ്രയുടെ ഫേസ്ബുക്കിനോടൊപ്പം ട്വിറ്ററില്‍ ചേര്‍ത്ത കുറിപ്പ്. പോസ്റ്റ് പുറത്തു വന്നതോടെ കുറിപ്പിനൊപ്പം ചേര്‍ത്ത പതാകയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. വാദ്രയുടെ അബന്ധം ട്രോളന്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കകം വാദ്ര അമളി സമ്മതിച്ച് കൊണ്ട് എഡിറ്റ് ചെയ്തു.
ഓറഞ്ച്, വെള്ള, പച്ച എന്നീ നിറങ്ങളോടൊപ്പം മധ്യത്തിലെ വെള്ള നിറത്തില്‍ അശോക ചക്രത്തോടൊപ്പം കൂടിയതാണ് ഇന്ത്യന്‍ പതാക. അതേസമയം ചുവപ്പും വെള്ളയും നീലയും നിറത്തിലുള്ള ത്രിവര്‍ണ പതാകയാണ് പരാഗ്വേയുടേത്. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് വോട്ട് രേഖപ്പെടുത്താന്‍ റോബര്‍ട്ട് വാദ്ര എത്തിയത്.
















