കോയമ്പത്തൂര്‍: ശുദ്ധീകരിച്ചെടുത്ത ജലം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൗഹൃദ എന്‍ജിന്‍ കണ്ടെത്തി തമിഴ്നാട് സ്വദേശിയായ മെക്കാനിക്കല്‍ എന്‍ജിനീയര്‍.
സവിശേഷ എന്‍ജിനില്‍ ഇന്ധനമായി ഹൈഡ്രജനാണ് ഉപയോഗിക്കുന്നതെന്നും ഈ പ്രക്രിയയില്‍ ഓക്സിജന്‍ സ്വതന്ത്രമാകുമെന്നും എന്‍ജിന്‍ വികസിപ്പിച്ച കോയമ്പത്തൂര്‍ സ്വദേശിയായ സൗന്ദിരാജന്‍ കുമാരസ്വാമി പറഞ്ഞു. ലോകത്തില്‍ത്തന്നെ ഇത്തരമൊരു എന്‍ജിന്‍ ആദ്യത്തേതാണെന്നു കുമാരസ്വാമി വ്യക്തമാക്കി.
പത്തുവര്‍ഷത്തെ പരീക്ഷണങ്ങളുടെ ഫലമാണ് എന്‍ജിന്‍. ഇത് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ അധികൃതരെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണമല്ല ലഭിച്ചത്. തുടര്‍ന്ന് ജപ്പാന്‍ സര്‍ക്കാരിനു മുന്നിലെത്തുകയും അവര്‍ അനുമതി നല്‍കുകയുമായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ അവിടെ എന്‍ജിന്‍ അവതരിപ്പിക്കും.
ഇന്ത്യയില്‍ എന്‍ജിന്‍ അവതരിപ്പിക്കുകയെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്നാണു പ്രതീക്ഷയെന്നും കുമാരസ്വാമി പറഞ്ഞു.
















