കൊച്ചി: വേദം നവസമൂഹ സൃഷ്ടിക്ക് എന്ന സന്ദേശമുയര്‍ത്തി അഗ്നിയെ സാക്ഷിയാക്കി 1008 ഹോമകുണ്ഡങ്ങളില്‍ അഗ്നിഹോത്രം. കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് വേദമന്ത്രോച്ചാരണത്തോടെ അഗ്നിഹോത്രം നടന്നത്.
എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ജാതി, ലിംഗഭേദമില്ലാതെ 1008 അഗ്‌നിഹോത്രികള്‍ യജ്ഞത്തില്‍ പങ്കെടുത്തു. ആചാര്യശ്രീ രാജേഷിന്റെ ആറ് ശിഷ്യരാണ് നേതൃത്വം നല്‍കിയത്. ഗുരുവന്ദനം, ഗണപതിമന്ത്രം എന്നിവയോടെയായിരുന്നു തുടക്കം. പിന്നീട് ഗായത്രിമന്ത്രം, സരസ്വതീസൂക്തം, മൃത്യുഞ്ജയമന്ത്രം എന്നിവ ചൊല്ലി. തുടര്‍ന്ന് 1008 ഹോമകുണ്ഡങ്ങളില്‍ അഗ്നി ജ്വലിപ്പിച്ചു. അഗ്നിഹോത്രം അരമണിക്കൂര്‍ നീണ്ടു.
കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കുലപതി ആചാര്യശ്രീ രാജേഷ് അനുഗ്രഹ പ്രഭാഷണം നടത്തി. വേദത്തെ ഉപാസിച്ചാല്‍ ജീവിതത്തില്‍ എല്ലാം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് പേരിന് മാത്രമായി ഹൈന്ദവ സംസ്‌കാരം മാറി. ആചാരങ്ങളും ഉപാസനകളും നമുക്ക് നഷ്ടമായി. ധര്‍മ്മാചാരങ്ങളെക്കുറിച്ച് ഇന്നത്തെ തലമുറയ്‌ക്ക് അറിവില്ല. അങ്ങനെ വന്നപ്പോള്‍ കുട്ടികള്‍ മാതാപിതാക്കളെ അവഗണിക്കുന്ന അവസ്ഥയുണ്ടായി. വേദമെന്നത് അറിവാണ്. വേദം പഠിക്കുമ്പോള്‍ അജ്ഞാനമാകുന്ന അന്ധകാരം ഇല്ലാതാകും. ജീവിതത്തില്‍ ഋഷിത്വം വരും. ഉള്ളിലെ അഗ്നിയെ ഉണര്‍ത്തുന്നതാണ് അഗ്നിഹോത്രമെന്നും അദ്ദേഹം പറഞ്ഞു.
സാംസ്‌കാരിക സദസ്സില്‍ ജസ്റ്റിസ് ആര്‍. ഭാസ്‌ക്കരന്‍ അധ്യക്ഷനായി. ആചാര്യശ്രീ രാജേഷ് രചിച്ച മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരി, എറണാകുളം ശ്രീശാരദാമഠം പ്രവ്രാജിക സുമേധപ്രാണാ മാതാജി, നോവലിസ്റ്റ് കെ.എല്‍. മോഹനവര്‍മ എന്നിവര്‍ നിര്‍വഹിച്ചു. എറണാകുളം ക്ഷേത്രക്ഷേമസമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റ് ട്രസ്റ്റി ഡോ. താര. സി.പി, ദല്‍ഹി നാഷണല്‍ ബുക്ക് ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പര്‍ ഇ.എന്‍. നന്ദകുമാര്‍ എന്നിവര്‍ ആദ്യപ്രതി സ്വീകരിച്ചു.
കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമം ട്രസ്റ്റി സി.എസ്. മുരളീധരന്‍, ജി.കെ. ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ.സി.എന്‍. മോഹനന്‍ നായര്‍, ശ്രീകാരം പ്രസിഡന്റ് ആര്‍. പ്രകാശ്, സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരി ഡോ.കെ. രാധ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെ.ജി. വേണുഗോപാല്‍, പി.വി. അതികായന്‍, കൃഷ്ണകുമാര്‍, കെ.വി.പി, സുധ ദിലീപ്, പ്രകാശ്. പി.കെ. സിറ്റാഡല്‍, മീര ജയകുമാര്‍ സംസാരിച്ചു.
















