കാസര്‍കോട്: തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ മോഷണം പോയെന്ന കാസര്‍കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരാതിയുമായി രംഗത്തെത്തിയതോടെ കോണ്‍ഗ്രസില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമായി. തെരഞ്ഞെടുപ്പു ചെലവുകള്‍ക്ക് ബൂത്തുകളിലേക്ക് നല്‍കാന്‍ നീക്കിവച്ച പണത്തില്‍ നിന്ന് പൃഥ്വിരാജ് രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളെടുത്തെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ഇക്കാര്യം തെളിയിക്കാന്‍ പൃഥ്വിരാജ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉണ്ണിത്താനെ വെല്ലുവിളിച്ചു.
കൊല്ലം കുണ്ടറ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന പൃഥ്വിരാജ് അന്വേഷണവിധേയമായി സസ്‌പെന്‍ഷനിലാണ്. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി നടുകുന്നം വിജയനൊപ്പമാണ് ഇദ്ദേഹം കാസര്‍കോട്ടെത്തിയത്. ബൂത്തുതല ഭാരവാഹികളും മണ്ഡലം ബ്ലോക്ക് കമ്മിറ്റി പ്രവര്‍ത്തകരുമെല്ലാം അവര്‍ക്ക് കിട്ടിയ തുകയില്‍ കുറവുണ്ടെന്നു പറഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓരോ കെട്ടില്‍ നിന്നും നോട്ടുകളെടുത്തതായി ബോധ്യപ്പെട്ടത്.
കാസര്‍കോട്ട് നിന്ന് പോയശേഷം തനിക്കെതിരേ പൃഥ്വിരാജ് ആരോപണമുന്നയിക്കുകയാണ്. ഓരോ ബൂത്ത് പ്രസിഡന്റിനെയും വിളിച്ച് തനിക്ക് വോട്ടുചെയ്യരുതെന്നുവരെ പറഞ്ഞു. ഒരു ദിവസം ഫോണില്‍വിളിച്ച് മോശമായരീതിയില്‍ സംസാരിച്ചു. ഇതെല്ലാം കൃത്യമായി വിശദീകരിച്ചാണ് കൊല്ലം ഡിസിസി പ്രസിഡന്റിനും കാസര്‍കോട് ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയതെന്നാണ് ഉണ്ണിത്താന്‍ പറയുന്നത്. അതേസമയം, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തനിക്ക് അഞ്ചു ലക്ഷം രൂപ നല്‍കാനുണ്ടെന്നും ഇതിന്റെ ശബ്ദരേഖ തന്റെ കൈയിലുണ്ടെന്നും പൃഥ്വിരാജ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
















