മുംബൈ: നാലു വര്‍ഷം മുന്‍പ് 300 കിലോ, ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ യുവതി… എന്നാലിപ്പോള്‍ വസായ് സ്വദേശിനി അമിത രജനിയെ കണ്ടാല്‍ അടുത്ത ബന്ധുക്കള്‍ക്കു പോലും തിരിച്ചറിയാനാകില്ല. കാരണം അമിത ഇപ്പോള്‍ വെറും 86 കിലോ.
സാധാരണ ജീവിതം നയിക്കാനായി കുറച്ചത് 214 കിലോ. നാല് വര്‍ഷം കൊണ്ട് രണ്ട് ശസ്ത്രക്രിയകള്‍ ചെയ്താണ് ശരീരഭാരം കുറച്ചത്. മുംബൈയിലെ ലീലാവതി, ഹിന്ദുജ ആശുപത്രികളില്‍ ഡോക്ടര്‍ ശശാങ്ക് ഷാ നടത്തിയ ബാരിയാട്രിക് സര്‍ജറിയിലൂടെയാണിത് സാധ്യമായത്.
ശസ്ത്രക്രിയയ്‌ക്ക് മുന്‍പ് അമിതയ്‌ക്ക് ജീവിതം ദുഃസഹമായിരുന്നു. എട്ട് വര്‍ഷമായി കിടക്കയിലായിരുന്നു, അതിനിടയില്‍ ഒരിക്കല്‍ പോലും വീടിന് പുറത്തിറങ്ങുകയോ സൂര്യപ്രകാശം കാണുകയോ ചെയ്തിട്ടില്ല. ”ഇപ്പോള്‍ ഞാന്‍ സ്വര്‍ഗത്തിലാണ്. എനിക്ക് സാധാരണ ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും കഴിയും. ശസ്ത്രക്രിയയ്‌ക്ക് ശേഷം ഇന്ത്യ മുഴുവന്‍ യാത്ര ചെയ്തു”, രജനി പറഞ്ഞു.
അമിതവണ്ണത്തിനു പുറമേ രജനിക്ക് വൃക്ക സംബന്ധമായ അസുഖങ്ങള്‍, ടൈപ്പ് 2 പ്രമേഹം എന്നിവയുമുണ്ടായിരുന്നു.
















