ന്യൂദല്‍ഹി: ഇന്ത്യയുടെ റഡാര്‍ ഇമേജിങ്ങ് ഉപഗ്രഹം റിസാറ്റ് 2 ബിആര്‍ഐ ഈ മാസം 22ന് വിക്ഷേപിക്കും. ആകാശത്തിലെ കണ്ണ് എന്ന് അറിയപ്പെടുന്ന റിസാറ്റിന് മേഘങ്ങളിലൂടെ തുളച്ചു കയറുന്ന കണ്ണാണ് ഉള്ളത്. അതിനാല്‍ മേഘങ്ങള്‍ക്കപ്പുറത്തുള്ളവസ്തുക്കളുടെ പോലും മികച്ച ചിത്രങ്ങളെടുത്ത് അയയ്‌ക്കാന്‍ സാധിക്കും.
പാക്കധിനിവേശ കശ്മീരിലെ ഭീകരരുടെ നീക്കങ്ങളും നുഴഞ്ഞുകയറ്റവും കണ്ടെത്താനും സാധിക്കും. ആകാശത്തു നിന്ന് ഭൂമിയെ നിരീക്ഷിക്കാനും മികച്ച ചിത്രങ്ങള്‍ എടുക്കാനും ഇതിന് കഴിയും, ഐഎസ്ആര്‍ഒ അറിയിച്ചു.
എക്‌സ് ബാന്‍ഡ് സിന്തറ്റിക് അപ്പറേച്ചര്‍ റഡാറാണ് ഇതിലുള്ളത്. ഏതു കാലാവസ്ഥയിലും രാത്രിയിലും പകലും ഒരു പോലെ പ്രവര്‍ത്തിക്കും. ഒരു മീറ്റര്‍ അകലെ വരെയുള്ള വസ്തുക്കളെ കൃത്യമായി വേര്‍തിരിച്ചറിയാന്‍ ഇതിന് കഴിയും. ഭൂമിയിലുള്ള കെട്ടിടങ്ങളുടെയും ചിത്രം ദിവസം രണ്ടു മൂന്നു തവണ എടുക്കാം. ശ്രഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം.















