കൊച്ചി : വേനലവധിക്കാലത്ത് സിബിഎസ്ഇ സ്കൂളുകളില്‍ കര്‍ശന ഉപാധികളോടെ ഇരുപതു ദിവസം വരെ ക്ലാസ് നടത്താന്‍ ഹൈക്കോടതി അനുമതി നല്കി. കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ വിവിധ കാരണങ്ങളാല്‍ എത്ര ക്ലാസ് നഷ്ടപ്പെട്ടു, വേനല്‍ക്കാലത്ത് എത്ര ക്ലാസ്സുകള്‍ വേണം എന്നീ കാര്യങ്ങള്‍ വ്യക്തമാക്കുന്ന പിടിഎയുടെ പ്രമേയമടക്കമുള്ള അപേക്ഷ സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ സിബിഎസ്ഇ റീജിയണല്‍ ഡയറക്ടര്‍ക്ക് നല്‍കണം. തുടര്‍ന്ന് എത്ര ദിവസം ക്ലാസ് വേണമെന്ന് ഡയറക്ടര്‍ തീരുമാനിക്കണം. പരമാവധി ഇരുപതു ദിവസം മാത്രമേ അനുവദിക്കാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.
വേനലവധിക്കാലത്ത് സ്കൂളുകളില്‍ ക്ലാസ് നടത്തുന്നത് തടഞ്ഞുകൊണ്ടുള്ള സര്‍ക്കാരിന്റെ സര്‍ക്കുലറിനെതിരെ തൃപ്പൂണിത്തുറയിലെ എസ്.ഡി.കെ.വൈ ഗുരുകുല വിദ്യാലയമടക്കം പത്ത് സ്കൂളുകള്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. വേനല്‍ച്ചൂട് കുട്ടികളെ ബാധിക്കാത്ത വിധം കുടിവെള്ളം, ബസ് സൗകര്യം, ക്ലാസ് മുറികളില്‍ ഫാന്‍ തുടങ്ങിയവ ഒരുക്കണമെന്ന് ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം വേനലവധിക്കാലത്ത് ക്ലാസ് നടത്തുന്നത് ബാലാവകാശ കമ്മിഷന് തടഞ്ഞിരുന്നു. ഇതിനെതിരെ സിബിഎസ്ഇ സ്കൂളുകള്‍ നല്കിയ അപേക്ഷയില്‍ റീജിയണല്‍ ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കാനും ഡയറക്ടര്‍ ഉചിതമായ തീരുമാനം എടുക്കാനും നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: