തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് ശരിയായ നടപടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ബാധ്യത തങ്ങള്‍ക്കുണ്ട്. വിശ്വാസത്തിന്റെ പേരില്‍ വോട്ട് പിടിക്കേണ്ട കാര്യം ഇടതുപക്ഷത്തിനില്ല. അതുകൊണ്ടാണ് ഈ വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കാത്തതെന്നും കാനം പറഞ്ഞു.
കോണ്‍ഗ്രസ് ശ്രമിക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം തകര്‍ക്കാനാണ്. ബിജെപിയെ ഒരുമിച്ചു നിന്ന് എതിര്‍ക്കുന്നതിന് പകരം വയനാട്ടില്‍ വന്ന് ഇടതുപക്ഷത്തിനെതിരെ മത്സരിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നത്. ഇത് പൊതുജനങ്ങളില്‍ തെറ്റായ സന്ദേശം നല്‍കാനേ ഉപകരിക്കൂ. ഇവിടെ ഇടതുപക്ഷത്തിനെതിരെ വോട്ടുപിടിക്കുന്ന രാഹുല്‍ തൊട്ടടുത്ത് തമിഴ്നാട്ടില്‍ ഇടതുപക്ഷത്തിനുവേണ്ടി വോട്ടുപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടില്‍ ഇടതുപക്ഷം രണ്ട് സീറ്റില്‍ മത്സരിക്കുമ്പോള്‍ രാജ്യം ഭരിക്കാന്‍ പോകുന്നു എന്നു പറയുന്ന കോണ്‍ഗ്രസ് ഒമ്പത് സീറ്റില്‍ മാത്രമാണ് മത്സരിക്കുന്നത്. യുപിയിലും മറ്റ് സംസ്ഥാനങ്ങളിലും ഇതാണ് സ്ഥിതി. ദക്ഷിണേന്ത്യയില്‍ ഏതാനും സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസ് അല്ല. രാഹുലാണ് രാജ്യം ഭരിക്കാന്‍ പോകുന്നതെന്ന് ഇടതുപക്ഷം പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിന് ശേഷം മൂന്നാം മുന്നണിയെക്കുറിച്ച് ചിന്തിക്കും. പ്രധാനമന്ത്രി ആരാണെന്ന് ഇപ്പോള്‍ പറയാനാവില്ല. ഭാരതത്തില്‍ തെരഞ്ഞെടുപ്പിന് ശേഷം മാത്രമാണ് പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: