തടയണ കെട്ടിയും പൊളിച്ചും വിവാദത്തിലായ വ്യവസായി പി.വി. അന്വറിനെയാണല്ലോ പൊന്നാനിയില്‍ പച്ചച്ചെങ്കൊടി പിടിക്കാന്‍ എല്‍ഡിഎഫ് നിയോഗിച്ചത്. കാലുകുത്തിയ അന്നുതന്നെ അന്‍വര്‍ പ്രഖ്യാപിച്ചതാണ് രാഹുല്‍ജിയെ പ്രധാനമന്ത്രിയാക്കാനാണ് താന്‍ മത്സരിക്കുന്നതെന്ന്. അപ്പോള്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ ആരെ പ്രധാനമന്ത്രിയാക്കാനാണ് വെയിലുകൊള്ളുന്നതെന്ന് ചോദിക്കരുത്. അന്‍വര്‍ ഇതല്ലാതെ പിന്നെന്ത് പറയാനാണ്. യച്ചൂരിയെയോ കാരാട്ടിനെയോ പ്രധാനമന്ത്രിയാക്കാനാണ് മത്സരമെന്ന് പറഞ്ഞാല്‍ നാട്ടുകാര്‍ തനിക്കെന്തോ പ്രശ്നമുണ്ടെന്ന് കളിയാക്കും. അതിമോഹമാണെങ്കിലും മോദിയെ മാറ്റണം, രാഹുല്‍ജിയെ കയറ്റണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സര്‍വരാജ്യത്തൊഴിലാളികളോട് സംഘടിക്കാന്‍ ആഹ്വാനം ചെയ്ത മുന്നണിയുടെ സ്ഥാനാര്‍ഥിയാണ് അന്‍വര്‍.
പൊന്നാനിയിലടക്കം കേരളത്തിലെമ്പാടും ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്കായി വോട്ട് പിടിക്കാന്‍ അഖിലേന്ത്യാ സെക്രട്ടറി സീതാറാം സോമയാജലു യെച്ചൂരി ഇറങ്ങിയിട്ടുണ്ട്. തെക്ക് നിന്ന് വടക്കോട്ടാണ് യാത്ര. വയനാട് തൊടില്ല. മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ആദരണീയനുമായ സഖാവ് രാഹുല്‍ജി അമേഠിയില്‍ നിന്ന് നിലം തൊടാതെ പറന്നുവന്നിറങ്ങി മത്സരിക്കുന്ന മണ്ഡലമാണ്. അവിടെപ്പോയിട്ട് ആര്‍ക്കുവേണ്ടി വോട്ട് പിടിച്ചാലും പ്രശ്നമാണ്. രാഹുല്ജിയുമായുള്ള അന്തര്‍ധാര സോണിയാജിയുടെ അടുക്കളപ്പുറം മുതലേ സജീവമാണ്. വോട്ട് പിടിച്ചാല്‍ ട്രോളന്മാര് അതേ പാടൂ… ”ന്റമ്മ ചുട്ടൊരു വെള്ളേപ്പം മുട്ടേം കൂട്ടി തട്ടീട്ട് ഇങ്ങനെയൊക്കെ ചെയ്യാമോ…”
‘കഷ്ടകാലം പിടിച്ചവന് മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ’ എന്ന ചേലിലാണ് ഇനിയാകെ അല്പം പിടിയുള്ള കേരളത്തില്‍ പോലും പാര്‍ട്ടിയുടെ അവസ്ഥ.
താനും രാഹുല്ജിയുമായുള്ള അടിത്തട്ട് സംബന്ധം ഇവിടെ പറഞ്ഞാന്‍ ഉള്ള കഞ്ഞികുടി മുട്ടും. പിണറായിയുടെയും കേരളാ സിപിഎമ്മിന്റെയും ചെലവിലാണ് ഇപ്പോഴത്തെ ഈ അഖിലേന്ത്യന്‍ കളി. ഈ പോക്കാണെങ്കില്‍ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അഖിലേന്ത്യ എന്നത് കണ്ണൂരേക്ക് മാറ്റേണ്ടിവരും. പിന്നെ യെച്ചൂരിയായ ഞാന്‍ അമ്മയ്ക്കും മകനും പെങ്ങള്‍ക്കും അളിയനും വിധേയനായി വൈരുദ്ധ്യാത്മക ഭൗതികവാദം പ്രചരിപ്പിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുത്ത് കഴിയേണ്ടിവരും.
അതുണ്ടാവാതിരിക്കാനുള്ള അവസാന അടവുനയമാണ് ഇപ്പോള്‍ പയറ്റുന്നത്. അതുകൊണ്ട് യെച്ചൂരിയുടെ കനവിലിപ്പോഴും ഒന്നാം യുപിഎ സര്‍ക്കാരാണ്. അല്ലേലും പ്രിയം പണ്ടേ കൊയ്ത്തരിവാളിനോടല്ല, അരിവാള്‍ പിടിക്കുന്ന കയ്യിനോടാണ്. പഴേ കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ നിന്ന് അക്കാര്യത്തില്‍ അത്ര ഭിന്നനൊന്നുമല്ല യെച്ചൂരി സഖാവും. മാത്രമല്ല ഓര്മയുള്ള നാള് മുതല്‍ കണ്ടുവളര്‍ന്നതും കുത്തിവളര്ന്നതും കൈപ്പത്തിക്കിട്ട് തന്നെയാണ്. പേരിന് സിപിഎം നേതാവെന്നൊക്കെ പറയുമെങ്കിലും നാലാളുടെ വോട്ടുവാങ്ങി ഒരു വാര്‍ഡ് തെരഞ്ഞെടുപ്പ് പോലും ജയിച്ചിട്ടില്ല. ആ കൈപ്പത്തിക്ക് വേണ്ടി പരസ്യമായി വോട്ട് ചോദിക്കാന്‍ കിട്ടിയ അവസരമാണ് ഇപ്പോള്‍ വന്നത്.
രാഹുല്‍ജിക്ക് അമേഠിയില്‍ രാഹുകാലമെന്ന് കേട്ടപ്പോഴേ സങ്കടം തോന്നിയതാണ്. അന്നദാതാവായ പിണറായിയെ പേടിച്ച് പറഞ്ഞില്ലെന്നേയുള്ളൂ. രാഹുല്‍ വയനാട്ടില്‍ ഇടതുമുന്നണിയെ തോല്പിച്ച് പ്രധാനമന്ത്രിയാകാന്‍ തീരുമാനിച്ചതോടെ ഇനിയെന്ത് ചെയ്യും എന്ന ആശയക്കുഴപ്പത്തിലാണ് കേരളത്തിലെ മൊത്തം സിപിഎം. അവരുടെ മുഖത്തുനോക്കുമ്പോള്‍ ചങ്ക് പിടയ്ക്കും.
അന്‍വര്‍ പറഞ്ഞതുപോലെ അമേഠിയില്‍ ആര്‍ക്ക് വോട്ട് ചെയ്യും? രാഹുലിന്. വയനാട്ടിലോ…? മോദിയെ തോല്‍പ്പിച്ച് രാഹുലിനെ പ്രധാനമന്ത്രിയാക്കും. അപ്പോള്‍ വയനാട്ടിലോ..? രാഹുലിനെ തോല്‍പ്പിക്കും. അപ്പോള്‍ പിന്നെ പ്രധാനമന്ത്രിയാരാകും..? ഇതിപ്പോള്‍ ആകെ ഒരു വൈരുദ്ധ്യാത്മക കുഴമറിച്ചിലാണ്.
ദല്ഹിയിലെങ്ങാനുമാരുന്നെങ്കില് അവയ്ലബിള് പിബി കൂടി ആലോചിച്ച് കേരളത്തിലേക്കേ വരേണ്ടന്ന് തീരുമാനിക്കാമായിരുന്നു. ഇതിപ്പോള്‍ പിണറായിയുടെയും കോടിയേരിയുടെയും ഇടയില്‍ വന്നിറങ്ങിപ്പോയി. കേരളമായ കേരളം മൊത്തം പാച്ചുവും ഗോപാലനും പോലെ നെടുങ്കന്‍ ഹോര്‍ഡിങ്സ് പൊക്കിയിരിക്കുകയാണ്. അഖിലേന്ത്യന്മാരുടെ പൊടിപോലുമില്ല പടമാക്കാന്‍. പാര്‍ട്ടി മൊത്തത്തില്‍ പടമാകാന്‍ പോകുന്ന പോക്കില്‍ ഇനി അതും കാണേണ്ടിവരും. എള്ളുണങ്ങുന്നത് മനസ്സിലാക്കാം, യെച്ചൂരി ഉണങ്ങുന്നത്….?
പ്രതികരിക്കാൻ ഇവിടെ എഴുതുക: