ന്യൂദല്‍ഹി: രണ്ടരലക്ഷം കോടി രൂപയുടെ 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ കുടുങ്ങിയ യുണീ ടെക് എന്ന കമ്പനിയില്‍ നിന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ കോടികള്‍ കൈപ്പറ്റിയിരുന്നുവെന്ന് റിപ്പബ്ലിക് ടിവിയുടെ വെളിപ്പെടുത്തല്‍. ടുജി കേസില്‍ അന്വേഷണം നേരിടുന്ന സമയത്തു തന്നെയാണ് രാഹുല്‍ അവരുമായി അവിശുദ്ധ ബന്ധം പുലര്‍ത്തിയിരുന്നതെന്നും റിപ്പബ്ലിക് ടിവി ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി രേഖകളും അവര്‍ പുറത്തുവിട്ടു.
യുപിഎ ഭരണകാലത്തെ ഏറ്റവും വലിയ കുംഭകോണങ്ങളില്‍ ഒന്നായിരുന്നു 2ജി അഴിമതി. ഇതിന്റെ ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിച്ച കമ്പനികളില്‍ ഒന്നാണ് സഞ്ജയ് ചന്ദ്രയുടെ യുണീ ടെക്. 2008-ല്‍ എ. രാജ ടെലികോം മന്ത്രിയായിരിക്കെ നടന്ന ലേലത്തില്‍ 22 സര്‍ക്കിളുകളില്‍ 20 എണ്ണവും കരസ്ഥമാക്കിയത് യൂണി ടെക് ആയിരുന്നു.
2010 ഒക്ടോബറില്‍, 2ജി കേസില്‍ സുപ്രീംകോടതി യുപിഎ സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയ ശേഷം, ടൂജി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് ലോക്സഭയില്‍ വയ്ക്കുന്നതിന് ആഴ്ചകള്‍ക്കു മുന്‍പ്, രാഹുല്‍ യുണീ ടെക്കുമായി ഒരു കരാര്‍ ഒപ്പിട്ടു.
ഗുരുഗ്രാമില്‍ അവര്‍ നിര്‍മിക്കുന്ന സിഗ്നേച്ചര്‍ ടവര്‍ രണ്ടില്‍ രണ്ട് ഓഫീസ് യൂണിറ്റുകള്‍ വാങ്ങാനുള്ള കരാറായിരുന്നു അത്. ബി 007, ബി 008 എന്നിവയ്ക്കായി രാഹുല്‍ 1.44 കോടി രൂപയും 5.36 കോടി രൂപയും നല്‍കുകയും ചെയ്തു. 2 ജി അഴിമതിക്കേസില്‍പ്പെട്ട കമ്പനിയുമായി രാഹുല്‍ കരാറില്‍ ഏര്‍പ്പെട്ടതാണ് ഒരു വിഷയം.
ഈ ഓഫീസ് യൂണിറ്റുകള്‍ക്കായി രാഹുല്‍ മുന്‍കൂറായി 95.27 ലക്ഷവും 3.54 കോടി രൂപയും നല്‍കിയതായും കരാറിലുണ്ട്. രാഹുലും യുണീ ടെക്കുമായി വസ്തുകരാറാണ് ഒപ്പിട്ടതെന്നാണ് തോന്നുന്നതെങ്കിലും രാഹുലിന് പലിശയായി കമ്പനി 2.92 കോടി രൂപ നല്കി. ഇത് ചില സമയത്ത് കൂടുകയും ചെയ്തിരുന്നു. 2010-2011ല്‍ രാഹുലിന് കമ്പനി 23.8 ലക്ഷം രൂപയും 2011-12ലും 2012-13ലും 50.62 ലക്ഷം രൂപയും 2013-14ല്‍ 71 ലക്ഷം രൂപയും 2014-15ല്‍ 95.9 ലക്ഷം രൂപയും നല്കി. 2012 ഏപ്രില്‍ മുതല്‍ രാഹുല്‍ മാസം തോറും 4.2 ലക്ഷം വീതവും 2014 സപ്തംബര്‍ മുതല്‍ മാസം തോറും 8.85 ലക്ഷവും രാഹുല്‍ കൈപ്പറ്റി.
ഇതുയര്‍ത്തുന്ന സംശയങ്ങള്‍
1 2ജി അഴിമതിക്കേസില്‍ പെട്ട ശേഷം കമ്പനിയില്‍ രാഹുല്‍ പണം നിക്ഷേപിച്ചിരുന്നോ
2 പണം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ആ പണത്തിന്റെ ഉറവിടം
3 രാഹുല്‍ നിരന്തരം പണം നിക്ഷേപിച്ചിരുന്നില്ലെങ്കില് എങ്ങനെയാണ് പലിശ കൂടിവന്നത്.
4 2010-11ലാണ് 2ജി അഴിമതി പുറത്തുവന്നത്. അതില്‍ പെട്ട കമ്പനിയില്‍ രാഹുല്‍ എന്തുകൊണ്ട് പണം നിക്ഷേപിച്ചു. ആ തീരുമാനത്തിനു പിന്നിലെ യുക്തിയെന്ത്
5 തന്റെ സ്വന്തം സര്‍ക്കാരിന്റെ അന്വേഷണം നേരിടുന്ന കമ്പനിയിലാണ് പണം നിക്ഷേപിക്കുന്നതെന്ന് രാഹുലിന് അറിയില്ലായിരുന്നോ? ഇന്നും ഈ വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നാണ് ടിവി അറിയിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: