ആലപ്പുഴ: ദാരിദ്ര്യം ഇല്ലാതാക്കുമെന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലിന്റെ പൊള്ള വാഗ്ദാനത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വീരവാദം മുഴക്കുന്ന കോണ്‍ഗ്രസിന്റെയും രാഹുലിന്റെയും കാപട്യത്തിനെതിരെയുള്ള ട്രോളുകള്‍ വൈറലാകുകയാണ്.
പാവപ്പെട്ട ഒരു കുടുംബത്തിന് മാസം ആറായിരം രൂപ വച്ച് 72,000 രൂപ വര്‍ഷം അക്കൗണ്ടിലിട്ട് കൊടുക്കുമെന്നായിരുന്നു രാഹുലിന്റെ വാഗ്ദാനം. എന്നാല്‍ ഇത് നടപ്പാക്കാനുള്ള പണം എവിടെനിന്നാണ് ലഭിക്കുന്നതെന്ന ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കിയില്ല. പദ്ധതിയുടെ രൂപരേഖ ആവിഷ്‌കരിച്ചുവെന്നും മുന്‍ ധനകാര്യമന്ത്രി പി. ചിദംബരം ഉപദേശം നല്‍കിയെന്നും, നിരവധി സാമ്പത്തിക വിദഗ്ധരെ ബന്ധപ്പെട്ടെന്നും പറഞ്ഞ് തടിതപ്പുകയായിരുന്നു രാഹുല്‍.
അതേസമയം 55 വര്‍ഷം ഭരിച്ചിട്ടും പട്ടിണി മാറ്റാന്‍ കഴിയാത്തതിന് മറ്റുള്ളവരെ കുറ്റം പറയുന്നതില്‍ എന്തര്‍ത്ഥമെന്ന ചോദ്യമാണ് സമുഹമാധ്യമങ്ങളില്‍ നിറയുന്നത്. രാജ്യത്ത് ദരിദ്രരുണ്ടെങ്കില്‍ അതിന് ആദ്യം ഉത്തരം പറയേണ്ടത് 55 വര്‍ഷം ഭരിച്ച കോണ്‍ഗ്രസാണെന്നും ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി കോണ്‍ഗ്രസ് രാജ്യത്തെ വഞ്ചിക്കുകയാണ്. വലിയ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. രാഹുലും കോണ്‍ഗ്രസും ഉയര്‍ത്തിയ വാദങ്ങളും വ്യാജരേഖകളും ഒന്നൊന്നായി സമൂഹമാധ്യമങ്ങള്‍ പൊളിച്ചടുക്കുകയാണ്.
















