ന്യൂദല്‍ഹി: ശാരദാ ചിട്ടിത്തട്ടിപ്പു കേസില്‍, കൊല്‍ക്കത്ത പോലീസ് കമ്മീഷണറായിരുന്ന രാജീവ് കുമാറിനെതിരായ സിബിഐയുടെ വെളിപ്പെടുത്തലുകള്‍ അതീവഗുരുതരമെന്ന് സുപ്രീംകോടതി. ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ വലംകൈയായ രാജീവ് കുമാറിനെ വിശദമായി ചോദ്യം ചെയ്തശേഷം സിബിഐ സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
സിബിഐ വളരെ ഗുരുതരമായ ചില വസ്തുതകളാണ് കോടതിയില്‍ വെളിപ്പെടുത്തിയത്. അവയ്‌ക്കു നേരെ കണ്ണടയ്‌ക്കാന്‍ കഴിയില്ല, ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. രാജീവ് കുമാറിനെതിരെ അനുയോജ്യമായ നടപടി ശുപാര്‍ശ ചെയ്ത് അപേക്ഷ നല്‍കാനും കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. ഇതിന് പത്തു ദിവസത്തെ സമയം നല്‍കി. ഒരാഴ്ചയ്‌ക്കകം മറുപടി നല്‍കാന്‍ രാജീവ് കുമാറിനോടും കോടതി നിര്‍ദേശിച്ചു.
ശാരദാ ചിട്ടിത്തട്ടിപ്പു കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം മേധാവിയായിരിക്കെ രാജീവ് കുമാര്‍, മമതയുടെ നിര്‍ദേശപ്രകാരം പല സുപ്രധാന രേഖകളും നശിപ്പിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. രാജീവിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ മമതയുടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുര്‍ടന്നാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ച് രാജീവിനെ ചോദ്യം ചെയ്യാന്‍ അനുമതി നേടിയത്. ഈ ചോദ്യം ചെയ്യലിന്റെ വിശദമായ റിപ്പോര്‍ട്ടാണ് കോടതിയില്‍ നല്‍കിയത്.
















