ചാവക്കാട്: കടലുകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന നമ്മുടെ രാജ്യത്ത് മത്സ്യത്തൊഴിലാളി പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിക്കേണ്ടത് രാഷ്‌ട്ര സുരക്ഷയ്‌ക്ക് അനിവാര്യമാണെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം തിരുവത്ര ശ്രീ നാരായണ വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശാലമായ നമ്മുടെ രാജ്യത്തിന്റെ താല്പര്യം ജനങ്ങളുടെ സുരക്ഷിതത്വവും രാജ്യത്തിന്റെ അഖണ്ഡതയുമാണ്. ഇന്ന് അതിനാണ് ഏറ്റവും വലിയ വെല്ലുവിളി ഉയരുന്നത്. നാട്ടില്‍ ഉടനീളം ഈ രാഷ്‌ട്രത്തെ തകര്‍ക്കുക എന്ന ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ശക്തികള്‍ വ്യാപകമായതോതില്‍ ശക്തി പ്രാപിച്ച് വരുന്നുണ്ട്.
രാജ്യത്തിന് അകത്തുള്ള ദേശവിരുദ്ധരും ഇക്കാര്യത്തില്‍ വിദേശ ശക്തികള്‍ക്കൊപ്പം സജീവമാണ്. ഇത്തരം സന്ദര്‍ഭത്തിലാണ് മത്സ്യത്തൊഴിലാളികളെ പോലുള്ള കാവലാളന്മാരുടെ വളര്‍ച്ച പ്രസക്തമാവുന്നത്. ഇത്തരം ആപത്തുകളില്‍ നിന്ന് എന്നും നമ്മുടെ നാടിനെ രക്ഷിച്ചിട്ടുള്ളത് നാടിനോട് കൂറും ഭക്തിയും കടപ്പാടുമുള്ള ദേശീയ ശക്തികളുടെ ചെറുത്തു നില്‍പ്പാണ്. അതു കൊണ്ടാണ് ഇന്ന് ദേശീയ പ്രസ്ഥാനങ്ങളെ തകര്‍ക്കുവാന്‍ രാജ്യദ്രോഹികള്‍ മുന്നിട്ടിറങ്ങുന്നത്.
ദേശീയ പ്രസ്ഥാനങ്ങളെ തകര്‍ത്താലേ ദേശത്തെ തകര്‍ക്കാന്‍ കഴിയുകയുള്ളു എന്നവര്‍ക്കറിയാം. ഈ സത്യം മനസ്സിലാക്കിക്കൊണ്ട് മത്സ്യപ്രവര്‍ത്തക സംഘം പോലുള്ള കാവല്‍ സംഘടനകള്‍ ശക്തി പ്രാപിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബിഎംപിഎസ് സംസ്ഥാന പ്രസിഡന്റ് കെ. രജനീഷ് ബാബു അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ബിഎംപിഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഉദയ ഘോഷ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഹ സംഘടനാ സെക്രട്ടറി ടി.കെ. കുട്ടന്‍ പ്രമേയങ്ങളും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
സമാപന സമ്മേളനം സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബിഎം പിഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ. പുരുഷോത്തമന്‍ , സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ.ജി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
















