മറയൂര്‍: കാന്തല്ലൂരില്‍ ദേശാടനപക്ഷിയായ ജാപ്പനീസ് ഫ്‌ളൈക്യാച്ചര്‍(ഇന്ദ്രനീലി) എന്ന പക്ഷിയെ കണ്ടെത്തി. അത്യപൂര്‍വ്വമായാണ് ഇന്ത്യയില്‍ ഈ ചെറുപക്ഷിയെ നിരീക്ഷകര്‍ കണ്ടിട്ടുള്ളത്. ഫ്‌ളൈക്യാച്ചര്‍ കുടുംബത്തില്‍പ്പെട്ട പതിനഞ്ചോളം ഇനങ്ങള്‍ കേരളത്തിലെ പശ്ചിമഘട്ട മലനിരകളില്‍ ഉണ്ടെങ്കിലും ജാപ്പനീസ് ഫ്‌ളൈക്യാച്ചറിനെ അഞ്ചുവര്‍ഷം മുന്‍പ് ആന്‍ഡമാനിലും 2011 മാര്‍ച്ച് മാസം പൂനെയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദേശാടനപക്ഷികളുടെ ചിത്രങ്ങളെടുക്കുന്ന വന്യജീവി ഫോട്ടോഗ്രാഫര്‍ ആലുവ വാഴക്കുളം സ്വദേശി മനോജ് കനകാമ്പരനാണ് ഇന്ദ്രനീലി പക്ഷിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. 2018 നവംബറില്‍ പക്ഷി നിരീക്ഷണത്തിനായി മറയൂര്‍ മലനിരകളില്‍ എത്തിയപ്പോഴാണ് കാന്തല്ലൂരില്‍ നിന്ന് കുളച്ചിവയല്‍ വനവാസികോളനിയിലേക്കൂള്ള വഴിയില്‍ തേന്‍പാറയ്‌ക്ക് സമീപം പക്ഷിയെ കണ്ടത്. വളരെ അടുത്തുകണ്ട പക്ഷി ഇന്ദ്രനീലിയാണെന്ന് തോന്നിയതിനെ തുടര്‍ന്ന് ചിത്രങ്ങള്‍ പകര്‍ത്തി. ജപ്പാന്‍, ചൈന, കൊറിയ എന്നീ രാജ്യങ്ങളിലാണ് ഈ പക്ഷിയെ കാണുന്നത്. ഇവിടങ്ങളിലെ അതിശൈത്യ കാലത്താണ് ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തേക്കുള്ള ദേശാടനം നടത്തുന്നത്.
മനോജ് പകര്‍ത്തിയ ചിത്രം ലോകപ്രശസ്തരായ പക്ഷി നിരീക്ഷകരുടെ കൂട്ടായ്‌മയിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇവര്‍ പക്ഷി ഇന്ദ്രനീലി തന്നെയാണെന്ന് കഴിഞ്ഞ ദിവസം മറുപടി നല്‍കി. ഇരവികുളം നാഷണല്‍ പാര്‍ക്ക്, പാമ്പാടുംചോല നാഷണല്‍ പാര്‍ക്ക്, ആനമല കടുവാ സങ്കേതം, ചിന്നാര്‍ വന്യജീവി സങ്കേതം, ചന്ദന റിസര്‍വ്വുകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന മറയൂര്‍, കാന്തല്ലൂര്‍ മേഖലകള്‍ നിരവധി അപൂര്‍വപക്ഷികളുടെ ആവാസ വ്യവസ്ഥകൂടിയാണ്.
















