ന്യൂദല്‍ഹി: അനില്‍ അംബാനിക്ക് അനുകൂലമായി സുപ്രീംകോടതി വിധി തിരുത്തിയ രണ്ട് ജീവനക്കാരെ അസാധാരണ ഉത്തരവിലൂടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് പുറത്താക്കി. സംഭവവുമായി ബന്ധപ്പെട്ട് അംബാനിയുടെ അഭിഭാഷകരുടെ പങ്കിനെപ്പറ്റിയും സുപ്രീംകോടതി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് കഴിഞ്ഞ ദിവസം അനില്‍ അംബാനിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.
അനില്‍ അംബാനിക്കെതിരെ എറിക്‌സണ്‍ കോടതിയലക്ഷ്യ കേസിലാണ് കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ്മ, തപന്‍ കുമാര്‍ ചക്രവര്‍ത്തി എന്നിവര്‍ കോടതി വിധി തിരുത്തിയതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് ആര്‍ട്ടിക്കിള്‍ 311 പ്രകാരമുള്ള കോടതിയുടെ അസാധാരണ അധികാരമുപയോഗിച്ച് ജീവനക്കാരെ ബുധനാഴ്ച അര്‍ദ്ധരാത്രി പുറത്താക്കിയത്.
ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍, വിനീത് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ച് ജനുവരി 7ന് പുറപ്പെടുവിച്ച വിധിയാണ് അസിസ്റ്റന്റ് രജിസ്ട്രാര്‍ റാങ്കിലുള്ള രണ്ടുപേരും തിരുത്തിയത്. എറിക്‌സണ്‍ കേസില്‍ അനില്‍ അംബാനിയോട് സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ നേരിട്ട് ഹാജരാവേണ്ടതില്ല എന്നാണ് ഇവര്‍ തിരുത്തല്‍ വരുത്തിയത്. തൊട്ടടുത്ത ദിവസം സുപ്രീംകോടതി ഓണ്‍ലൈനില്‍ വന്ന വിധിയിലെ പിശക് എറിക്‌സണ്‍ അഭിഭാഷകര്‍ കോടതിയെ അറിയിച്ചതോടെ ജനുവരി 10ന് വിധി ശരിയായി രേഖപ്പെടുത്തി വെബ്‌സൈറ്റിലിട്ടിരുന്നു. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അംബാനി ഹാജരാവേണ്ടതില്ല എന്ന് എഴുതിയത് മനപ്പൂര്‍വ്വമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടത്.
എറിക്‌സണ്‍ കേസില്‍ അംബാനിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും എറിക്‌സണ് 550 കോടി രൂപ നല്‍കാത്തതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ ഹര്‍ജി. തുടര്‍ച്ചയായ രണ്ടുദിവസം അംബാനി കോടതിയില്‍ ഹാജരായിരുന്നു. നിങ്ങള്‍ ചെയ്തതിന്റെ അനന്തരഫലം അനുഭവിക്കും എന്ന പ്രസ്താവനയോടെയാണ് റോഹിങ്ടണ്‍ നരിമാന്‍ കേസ് വിധി പറയാന്‍ മാറ്റിയത്.
















