ന്യൂദല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സികളെ സംസ്ഥാനത്ത് ആദ്യം വിലക്കിയത് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ്. ഇത് വലിയ വിവാദമുണ്ടാക്കിയിരുന്നു. അതിനു പിന്നാലെ മമത ചിട്ടി തട്ടിപ്പുകേസുകള്‍ അന്വേഷിക്കാന്‍ എത്തിയ സിബിഐ സംഘത്തെ തടഞ്ഞ് അറസ്റ്റ് ചെയ്തു. ഇതുവഴി ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
അഴിമതിയും തട്ടിപ്പുകളും ക്രിമിനല്‍ കേസുകളും അടക്കമുള്ളവ അന്വേഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട പത്തിലേറെ കേന്ദ്ര അന്വേഷണ ഏജന്‍സികളാണുള്ളത്. ഐബി, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ്, ആദായ നികുതി വകുപ്പ് തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടവയാണ്.
കേന്ദ്ര ഏജന്‍സികള്‍ക്കെല്ലാം വിവിധ സംസ്ഥാനങ്ങളില്‍ നിരവധി ഓഫീസുകളുണ്ട്. പല സംസ്ഥാനങ്ങളിലായി നൂറുകണക്കിന് കേസുകളാണ് ഇവ അന്വേഷിക്കുന്നതും. ഓരോ സംസ്ഥാനവും കേന്ദ്ര ഏജന്‍സിക്കെതിരെ നീങ്ങുന്നത് ഗുരുതരമായ പ്രശ്‌നം സൃഷ്ടിക്കും. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കാണ് ഇത് വഴി തുറക്കുന്നത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെയാണ് മമത വെല്ലുവിളിച്ചത്.
തന്റെ വിശ്വസ്തരെ ചോദ്യം ചെയ്യാനൊരുങ്ങിയതും അന്വേഷണം തൃണമൂലിന്റെ കടയ്‌ക്കല്‍ വരെ എത്തുമെന്ന ആശങ്കയുമാണ് സിബിഐയെ മമത തടയാന്‍ കാരണം. പ്രധാനമന്ത്രി മോദി കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന പുകമറ സൃഷ്ടിച്ച് ജനങ്ങളെ കബളിപ്പിക്കാമെന്നാണ് ധാരണ. സിബിഐ സംഘത്തെ തടഞ്ഞ് അറസ്റ്റ് ചെയ്തതിനു പുറമേ സംഭവത്തിന്റെ മറവില്‍ മമത ധര്‍ണയും തുടങ്ങി.
















