കോഴിക്കോട്: വനിതാസംരക്ഷണത്തിന്റെ പേരില്‍ മതില്‍ പണിഞ്ഞ പാര്‍ട്ടി തൊട്ടടുത്ത ദിവസം ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി എടുത്തുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംഎല്‍എ. പോലീസിന് സംശയം തോന്നിയാല്‍ ഏത് പാര്‍ട്ടിയുടെ ഓഫീസില്‍ കേറി റെയ്ഡ് ചെയ്യാനുള്ള അധികാരമുണ്ടെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
പോക്സോ കേസിലുള്‍പ്പെട്ട ഡിവൈഎഫ്ഐ നേതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായത്. ഇതിനെത്തുടര്‍ന്നാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ സിപിഎം ജില്ലാകമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തതെന്നും മുരളീധരന്‍ പറഞ്ഞു. സിപിഎം ഓഫീസ് റെയിഡ് ചെയ്യരുതെന്ന് നിയമമൊന്നുമില്ല. കോണ്‍ഗ്രസ് ഭരണകാലത്ത് ഡിസിസി പ്രസിഡന്റിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്നൊന്നും ഇത്തരത്തിലുള്ള പ്രശ്നങ്ങളോ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ പേരില്‍ നടപടിയോ ഉണ്ടായിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്‍റെ ജില്ലാ നേതാവിനെതിരെ കേസ് വന്നപ്പോള്‍ത്തന്നെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തെന്നും മുരളീധരന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് അധിക സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ലീഗിനും കേരള കോണ്‍ഗ്രസിനും മുമ്പും അധിക സീറ്റ് കൊടുത്തിട്ടുണ്ട്. സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കണമോയെന്ന് ഹൈക്കമാന്‍ഡ് തീരുമാനക്കുമെന്നും ഫെബ്രുവരി 25നകം യു.ഡി.എഫ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനാണ് തീരുമാനമെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.
















