കൊല്ലം: മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍.പ്രസിഡന്റ് കരിക്കത്തില്‍ തങ്കപ്പന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഓഫിസില്‍ മധുര പലഹാരം വിതരണം ചെയ്തു.
സമുദായത്തിന് വേണ്ടി ഗണേഷ് കുമാര്‍ ഒന്നും ചെയ്തില്ലെന്ന് തങ്കപ്പന്‍ പിള്ള പറഞ്ഞു.ഗണേഷ് അംഗങ്ങളില്‍ പണം പിരിച്ചുവെന്നും ആരോപണമുണ്ട്.
എന്‍എസ്എസില്‍ ജനാധിപത്യവിരുദ്ധ തീരുമാനങ്ങളാണെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചപ്പോള്‍, ചട്ടവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
കാലാവധി കഴിഞ്ഞത്തോടെയാണ് ഗണേഷ്‌കുമാറിനെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്താക്കിയത്.പത്തനാപുരത്തെ താലൂക്ക് യൂണിയന്‍ പിരിച്ചു വിട്ടതില്‍ അടക്കം ജനാധിപത്യവിരുദ്ധ തീരുമാനങ്ങള്‍ എന്‍എസ്എസില്‍ ഉണ്ടാവുന്നെന്നാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.എന്നാല്‍ പത്തനാപുരത്ത് ചട്ടവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ ഗണേഷ് കുമാര്‍ കേസ് കൊടുക്കട്ടെ എന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും ഗണേഷ്‌കുമാറും അടക്കം ഒമ്പത് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ കാലാവധിയാണ് കഴിഞ്ഞദിവസം പൂര്‍ത്തിയായത്.ഇതില്‍ ഗണേഷ് കുമാര്‍ ഒഴികെ എട്ടുപേര്‍ക്കും അംഗത്വം പുതുക്കി നല്‍കി. കുന്നത്തൂര്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വി ആര്‍ കെ ബാബുവിനെയാണ് ഗണേഷ് കുമാറിന് പകരം ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്.
















