പരപ്പനങ്ങാടി: കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് അയയ്‌ക്കുന്ന കത്തുകള്‍ പോസ്റ്റ് ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നു. ഗുണഭോക്താക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് അയയ്‌ക്കുന്ന കത്തുകളാണ് കെട്ടിക്കിടക്കുന്നത്. പല പോസ്റ്റാഫീസുകളിലും ഇതിനകം കത്തുകള്‍ എത്തിയെങ്കിലും ഉദ്യോഗസ്ഥരുടെ വിമുഖത കാരണം അവ ഗുണഭോക്താക്കളില്‍ എത്തുന്നില്ലന്ന പരാതി വ്യാപകമാണ്.
2011ലെ സര്‍വേ പ്രകാരം ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളെ പ്രത്യക്ഷത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് പോസ്റ്റാഫീസുകള്‍ വഴി സ്പീഡ് പോസ്റ്റായി കത്തുകള്‍ അയയ്‌ക്കുന്നത്.
‘നിങ്ങളുടെ ആരോഗ്യം, ഞങ്ങള്‍ ഒപ്പമുണ്ട്’ എന്ന തലക്കെട്ടില്‍ പ്രധാനമന്ത്രിയുടെ ചിത്രസഹിതമാണ് കത്തുകള്‍ എത്തുന്നത്. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ആയുഷ്മാന്‍ പദ്ധതിയുടെ ജനപ്രിയത ബിജെപിക്ക് അനുകൂലമാവുമോ എന്ന ആശങ്കയിലാണ് ഇടതു-വലതു യൂണിയനുകളില്‍പ്പെട്ട തപാല്‍ ജീവനക്കാര്‍ കത്തുകളുടെ വിതരണത്തില്‍ മനഃപൂര്‍വം അലംഭാവം കാട്ടുന്നത്.
പദ്ധതി പ്രകാരം ഒരു കുടുംബത്തിന് അംഗങ്ങളുടെ എണ്ണമോ പ്രായമോ നോക്കാതെ അഞ്ചു ലക്ഷം രൂപയുടെ ചികിത്സാനുകൂല്യമാണ് ലഭിക്കുന്നത്. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യാശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലുമാണ് പദ്ധതി നടപ്പാക്കുക.
സ്പീഡ് പോസ്റ്റ് കത്തുകള്‍ ഏഴ് ദിവസത്തിനകം മേല്‍വിലാസക്കാരനെ കണ്ടെത്തി നല്‍കണമെന്നും അല്ലാത്തപക്ഷം തിരിച്ചയയ്‌ക്കണമെന്നുമുള്ള നിബന്ധന ആയുഷ്മാന്‍ കത്തുകളുടെ കാര്യത്തില്‍ ഒരു മാസത്തെ കാലാവധിയായി നീട്ടിയിട്ടുണ്ട്. പ്രാദേശിക പോസ്റ്റാഫീസുകളില്‍ ഗുണഭോക്താക്കളെ കാത്ത് കത്തുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം തുടരുകയാണെങ്കില്‍ പദ്ധതിയുടെ ഗുണഫലം സാധാരണക്കാരന് ലഭിക്കാതാകും.
















