ന്യൂദല്‍ഹി : മുന്‍ വിദേശകാര്യ മന്ത്രി എം.ജെ. അക്ബര്‍ നല്‍കിയ മാന നഷ്ടക്കേസില്‍ മാധ്യമ പ്രവര്‍ത്തക പ്രിയാ രമണിയോട് ഹാജരാകാന്‍ നിര്‍ദ്ദേശം. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച മീ ടു ക്യാമ്പയിനിലൂടെ പ്രിയാ രമണി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് കോടതിയുടെ ഈ നിര്‍ദ്ദേശം.
ദല്‍ഹി പട്യാലഹൗസ് കോടതിയില്‍ ഫെബ്രുവരി 25നകം ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അവര്‍ക്ക് കോടതി സമന്‍സ് അയച്ചിട്ടുണ്ട്.
20 വര്‍ഷം മുമ്പ് നടന്നൂവെന്ന് പറയുന്ന സംഭവത്തില്‍ അപ്പോള്‍ അധികൃതരെ സമീപിക്കാതെ വര്‍ഷങ്ങള്‍ക്ക് ശേഷം സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തല്‍ അപമാനിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ്. വ്യക്തനായ ലക്ഷ്യത്തോടെ, പകയോടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും അക്ബറിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
വ്യക്തമായ അജണ്ടയാണ് ഈ ആരോപണത്തിനു പിന്നില്‍. തന്റെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ഐപിസി സെക്ഷന്‍ 499, 500 വകുപ്പുകള്‍ പ്രകാരം ഇവരെ ശിക്ഷിക്കണമെന്നാണ് അക്ബറിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
















