ന്യൂദല്‍ഹി: ശബരിമല യുവതീപ്രവേശനത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെ പരിഹസിച്ച് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്‌ഡേയ കട്ജു. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും ദര്‍ശനം നടത്താന്‍ അവകാശമുണ്ടെന്ന് പ്രസംഗിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ആവശ്യപ്പെട്ട് ധര്‍ണ നടത്തുമോയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ ചോദിച്ചു.
രാജ്യത്ത് ഒന്നോ രണ്ടോ ശതമാനം മുസ്ലിം പള്ളികളില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് പ്രവേശനമുള്ളത്. പ്രത്യേക നിബന്ധനകളോടെ മാത്രമാണ് പ്രവേശനം. കാപട്യക്കാരിയല്ലെങ്കില്‍ മുസ്ലിം സ്ത്രീകള്‍ക്ക് തുല്യത ആവശ്യപ്പെട്ട് പള്ളികള്‍ക്ക് മുന്നില്‍ വൃന്ദ ധര്‍ണയിരിക്കണം. എല്ലാ സ്ത്രീകളുടെയും തുല്യാവകാശത്തെക്കുറിച്ചാണ് താങ്കളുടെ ആശങ്കയെങ്കില്‍ എപ്പോഴാണ് ധര്‍ണ ആരംഭിക്കുന്നതെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. അങ്ങനെ ചെയ്താല്‍ എന്താകും പാര്‍ട്ടിയുടെ മുസ്ലിം വോട്ട് ബാങ്കിന്റെ അവസ്ഥയെന്നും കട്ജു ചോദിച്ചു.
സ്ത്രീകള്‍ക്ക് പള്ളിയില്‍ വിലക്കില്ലെന്ന വൃന്ദയുടെ പ്രസംഗത്തെയും അദ്ദേഹം വിമര്‍ശിച്ചു. ഇത് വെറും സിദ്ധാന്തം മാത്രമാണ്. സ്ത്രീകള്‍ വീട്ടിലാണ് നിസ്‌കാരം നടത്തുന്നത്. പള്ളികളില്‍ സ്ഥലമില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. അങ്ങനെയെങ്കില്‍ പുരുഷന്മാര്‍ വീട്ടിലിരുന്ന് നിസ്‌കരിക്കുകയാണ് വേണ്ടത്.
ധൈര്യശാലിയായ വൃന്ദ മുസ്ലിം വനിതകളുടെ അവകാശത്തെക്കുറിച്ച് ചിന്തിക്കുമെന്നും സെലക്ടീവ് ആകില്ലെന്നും തനിക്ക് സംശയമില്ലെന്ന് കട്ജു പരിഹസിച്ചു.
















