തിരുവനന്തപുരം: വര്‍ക്കല സി.എച്ച്. മുഹമ്മദ് കോയ കോളേജ് ക്യാമ്പസിലെ ഭീകര സാന്നിധ്യത്തെക്കുറിച്ച് വിവരം കിട്ടിയിട്ടും അന്വേഷിക്കാതിരുന്ന പോലീസ് നടപടിയില്‍ ദുരൂഹത. ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കാന്‍ ഇന്നലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ഥികള്‍ പ്രകടനം നടത്തിയിരുന്നു.
ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ഭീകരരുടെ വേഷം ധരിച്ച് സ്ഥിരമായി കോളേജില്‍ എത്തുന്നുണ്ട്. അല്‍ഖ്വയ്ദയുടെ പതാകയും ഉയര്‍ത്തുന്നു. ഇതേക്കുറിച്ച് പരാതി ലഭിച്ചിട്ടും പോലീസ് അന്വേഷിച്ചില്ല. സംഭവം നിസ്സാരവത്ക്കരിക്കാനാണ് ശ്രമിച്ചത്.
ഇതു സംബന്ധിച്ച വാര്‍ത്ത, ചിത്രങ്ങള്‍ സഹിതം മാധ്യമങ്ങള്‍ പുറത്തുവിട്ടതിനെതുടര്‍ന്നാണ് പോലീസ് ഉണര്‍ന്നത്. പ്രത്യേക അന്വേഷണത്തിന് എഡിജിപി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തി.
വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. കേന്ദ്ര- സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം തുടങ്ങി.
















