പത്തനംതിട്ട: ശബരിമല അയ്യപ്പന് മണ്ഡലപൂജക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര നാളെ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ സമര്‍പ്പിച്ച 451 പവന്‍ തൂക്കം വരുന്ന തങ്ക അങ്കി 26ന് വൈകിട്ട് സന്നിധാനത്തെത്തും.
നാല് ദിവസങ്ങളിലായി നടക്കുന്ന ഘോഷയാത്രക്കുള്ള ഒരുക്കങ്ങള്‍ ആറന്മുളയില്‍ പൂര്‍ത്തിയായി. യാത്ര കടന്നുപോകുന്ന വിവിധ ക്ഷേത്രങ്ങളിലും കേന്ദ്രങ്ങളിലും സ്വീകരണം നല്‍കും. 23ന് പുലര്‍ച്ചെ അഞ്ചു മുതല്‍ ഏഴ് വരെ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് തങ്ക അങ്കി ദര്‍ശനത്തിന് സൗകര്യം ഉണ്ട്. രാവിലെ 7ന് ആറന്മുള കിഴക്കേ നടയില്‍ നിന്നാരംഭിക്കുന്ന യാത്ര മൂര്‍ത്തിട്ട, പുന്നംതോട്ടം, ചവുട്ടുകുളം, തിരുവഞ്ചംകാവ് വഴി 8.30ന് തേവലശ്ശേരി ദേവി ക്ഷേത്രത്തില്‍ എത്തും. തുടര്‍ന്ന് കോഴഞ്ചേരി പാമ്പാടിമണ്‍ അയ്യപ്പക്ഷേത്രം, കാരംവേലി, ഇലന്തൂര്‍ ഭഗവതിക്കുന്ന്, ഗണപതി ക്ഷേത്രം വഴി ശ്രീ നാരായണമംഗലം ശാസ്താക്ഷേത്രത്തില്‍ എത്തും. ഇവിടെ ഉച്ചഭക്ഷണത്തിന് ശേഷം അയത്തില്‍, മെഴുവലി, ഇലവുംതിട്ട, മുട്ടത്തുകോണം, കൈതവന, പ്രക്കാനം, ചീക്കനാല്‍, ഊപ്പമണ്‍ വഴി രാത്രി എട്ടിന് ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തില്‍ എത്തി ഒന്നാം ദിവസത്തെ യാത്ര അവസാനിപ്പിക്കും. 24ന് പത്തനംതിട്ട, കടമ്മനിട്ട, കോട്ടപ്പാറ, മേക്കൊഴുര്‍, മൈലപ്ര, കുമ്പഴ, പുളിമുക്ക്, വെട്ടൂര്‍, ഇളകൊള്ളൂര്‍, ചിറ്റൂര്‍ മുക്ക്, കോന്നി വഴി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ എത്തി രാത്രി വിശ്രമിക്കും. 25ന് അട്ടച്ചാക്കല്‍, വെട്ടൂര്‍, മലയാലപ്പുഴ, മണ്ണാറക്കുളഞ്ഞി, റാന്നി, ഇടക്കുളം, വടശേരിക്കര, മാടമണ്‍ വഴി പെരുനാട് ക്ഷേത്രത്തിലും, 26ന് ളാഹ, പ്ലാപ്പള്ളി, നിലയ്‌ക്കല്‍, ചാലക്കയം വഴി ഉച്ചക്ക് ഒന്നിന് പമ്പയിലും എത്തും. വൈകിട്ട് മൂന്നിന് പമ്പ ഗണപതി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് ശരംകുത്തിയില്‍ എത്തുമ്പോള്‍ ആചാര അനുഷ്ഠാനങ്ങളോടെ സ്വീകരണം നല്‍കും. വൈകിട്ട് അങ്കി ചാര്‍ത്തി ദീപാരാധന നടക്കും. 27ന് ഉച്ചക്ക് തങ്ക അങ്കി ചാര്‍ത്തിയാണ് മണ്ഡലപൂജ നടക്കുന്നത്.
















