കോട്ടയം: മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ 26ന് അയ്യപ്പജ്യോതി ജ്വലിക്കുന്ന പാതകളില്‍ ഗതാഗത തടസ്സമുണ്ടാവില്ല. തിരക്കേറിയ 731 കിലോമീറ്ററോളം പാതകളിലാണ് ജ്യോതി തെളിയിക്കുന്നത്.
ഇതിനായി റോഡിന്റെ ഇടതുവശം ചേര്‍ന്ന് ഒറ്റവരിയായാണ് ആളുകള്‍ അണിനിരക്കുക. ഒരു മീറ്റര്‍ അകലത്തില്‍ ജ്യോതി തെളിയിക്കും. ഓരോ കിലോമീറ്റര്‍ കഴിയുമ്പോഴുള്ള ഉദ്ഘാടന സ്ഥലങ്ങളിലും ഗതാഗതതടസ്സം സൃഷ്ടിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
പ്രത്യേക ഇടമൊരുക്കിയാണ് വിശ്വാസ സംരക്ഷണ സമ്മേളനങ്ങള്‍ നടക്കുക. കത്തിച്ച എള്ളുകിഴികള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞാലുള്ള അപകട സാധ്യത മുന്നില്‍ക്കണ്ട് ഇവ ശേഖരിച്ച് സംസ്‌കരിക്കാനുള്ള തയാറെടുപ്പും നടത്തിയിട്ടുണ്ട്. അഗ്നിബാധയും ഗതാഗത തടസ്സവും ഉണ്ടാവാതെ ശ്രദ്ധിക്കാന്‍ ഓരോ 100 മീറ്ററിനും പ്രത്യേക ചുമതലക്കാരെ നിശ്ചയിച്ചു. ഇവരുടെ ഏകോപനത്തിനായി ഓരോ കിലോമീറ്ററിലും ആളുകളുണ്ടാകും.
















