വടകര: വടകരയ്‌ക്കടുത്ത് ചോമ്പാല്‍ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ വന്‍ സ്‌ഫോടനം. പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ പിന്നിലാണ് ഇന്നലെ രാവിലെ 10.40 ഓടെ സ്‌ഫോടനമുണ്ടായത്. ശുചിമുറിക്ക് സമീപം മാലിന്യം കൊണ്ടിട്ട സ്ഥലത്താണ് ബോംബ് പൊട്ടിയത്.
ശുചിമുറിയോട് ചേര്‍ന്നുള്ള തൊണ്ടിമുതല്‍ സൂക്ഷിക്കുന്ന മുറിക്ക് സമീപം വലിയ കുഴി രൂപപ്പെട്ടു. മുറിയുടെ മേല്‍ഭാഗത്തെ ബീം തകര്‍ന്നു. മതിലിന് വിള്ളലുണ്ടായി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന അഴിയൂര്‍ കൃഷിഭവന്റെയും സ്റ്റേഷന് സമീപത്തെ മൂന്നുവീടുകളുടെയും ജനല്‍ചില്ലുകള്‍ തകരുകയും വീട്ടുപകരണങ്ങള്‍ക്ക് നാശം സംഭവിക്കുകയും ചെയ്തു. അര്‍ഫാത്തില്‍ ഹസ്സന്‍കുട്ടി, സുറാത്ത് ഹൗസില്‍ ജാഫര്‍, നാസ് ഹൗസില്‍ ഇഖ്ബാല്‍ എന്നിവരുടെ വീടുകളുടെ ജനല്‍ചില്ലുകളാണ് തകര്‍ന്നത്. സ്‌ഫോടനം നടന്ന സ്ഥലത്ത് കൂട്ടിയിട്ട മാലിന്യത്തിന് തീപിടിച്ചു.
ശുചിമുറിക്ക് തൊട്ടടുത്തായാണ് പോലീസുകാരുടെ വിശ്രമമുറി. എന്നാല്‍ സ്‌ഫോടനം നടക്കുന്ന സമയത്ത് ഇവിടെ ആളില്ലാതിരുന്നത് വന്‍ അപകടം ഒഴിവാക്കി. പോലീസ് സ്റ്റേഷന്‍ വളപ്പില്‍ തന്നെ സ്‌ഫോടനം നടന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്‌ത്തിയിരിക്കുകയാണ്. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ഫയര്‍ഫോഴ്‌സ് അടക്കമുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പൈപ്പ് ബോംബിന്റേത് എന്നു കരുതുന്ന അവശിഷ്ടങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി.
വടകര ഡിവൈഎസ്പി കെ. ചന്ദ്രന്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ചോമ്പാല സ്റ്റേഷനിലെത്തി. ഉഗ്രസ്‌ഫോടനം നടന്നിട്ടും പടക്കമാണ് പൊട്ടിയത് എന്ന രീതിയില്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണത്തിലും സംഭവം ലഘൂകരിക്കാനുള്ള ശ്രമത്തിലും പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ചോമ്പാല പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു.















