ന്യൂദല്‍ഹി: വനിതാ മതിലിന്റെ പേരില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. മനസ്സുകളുടെ വിഭജനമാണ് പിണറായി മതില്‍ നിര്‍മ്മിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വര്‍ഗ്ഗ സംഘര്‍ഷത്തില്‍ നിന്ന് വര്‍ണ്ണ സംഘര്‍ഷത്തിലേക്ക് സിപിഎം അധപതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതിലുമായി ബന്ധപ്പെട്ട് പത്തു ചോദ്യങ്ങളാണ് കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ ഉന്നയിച്ചത്.
വനിതാ മതില്‍ വഴി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ത്? പലതും പൊതു സമൂഹത്തിന് മുന്നില്‍ മറച്ചു വെയ്‌ക്കുന്ന നിലപാട് എന്തിനാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നവോത്ഥാനതിന്റെ ഭാഗമാണെങ്കില്‍ മത ന്യൂനപക്ഷങ്ങളെ എന്തിന് ഒഴിവാക്കി. വനിതാ മതില്‍ ശബരിമല വിഷയത്തോട് അനുബന്ധിച്ചാണോ ഉണ്ടാക്കുന്നത്? ശബരിമല വിഷയത്തില്‍ മതിലിന് ബന്ധം ഇല്ലെന്ന പ്രസ്താവന സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ.
കേരളത്തിലെ ഹിന്ദു സംഘടനകള്‍ നവോത്ഥാനത്തിന് എതിരാണെന്നാണോ മുഖ്യമന്ത്രി സ്ഥാപിക്കാന്‍ നോക്കുന്നത്. വര്‍ഗ്ഗീയ മതിലോ ജാതിമതിലോമതേതര മതിലോ ആണോ ഇടതു സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥിനികളും മതിലിന്റെ ഭാഗമാകുമോ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളെ ഒഴിവാക്കുമോ. സര്‍ക്കാര്‍ ചിലവില്‍ നടക്കുന്ന മതിലില്‍ മറ്റു മതക്കാര്‍ക്ക് പ്രവേശനം ഇല്ലാത്തത് എന്തു കൊണ്ടാണ് തുടങ്ങിയവയാണ് ചോദ്യങ്ങള്‍.
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരിക്കുന്നത് ശബരിമലയുമായി വനിതാ മതിലിന് ബന്ധമില്ലെന്നാണ്. എസ്എന്‍ഡിപി വിശ്വസികള്‍ക്കൊപ്പമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്. ഇതു തന്നെയാണോ സര്‍ക്കാരിന്റെയും നിലപാടെന്ന് പൊതു സമൂഹത്തെ മനസ്സിലാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല.
പ്രതിപക്ഷ കക്ഷികളെയും ഹിന്ദുമതത്തിലെ ഒരു വിഭാഗം സമുദായ സംഘടനകളെയും ന്യൂനപക്ഷ മതസമൂഹത്തെയും പൂര്‍ണ്ണമായും മാറ്റി നിര്‍ത്തുന്ന വനിതാ മതില്‍ വഴി സമൂഹത്തെ കൃത്യമായി വിഭജിക്കുകയാണ് പിണറായി വിജയന്‍.
ക്രിമിനല്‍ കുറ്റമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. വനിതാ മതില്‍ പരാജയപ്പെടും എന്നുറപ്പായപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വിജയിപ്പിക്കാനാണ് പിണറായിയുടെ ശ്രമം. വനിതാ ജീവനക്കാര്‍ മതിലിന്റെ ഭാഗമാകണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇതിന്റെ ഭാഗമാണ്.















