സുപ്രീംകോടതി വിധിയുമായെത്തിയ തൃപ്തി ദേശായി അയ്യപ്പഭക്തരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങിയല്ലോ. ഈ മണ്ഡലകാലത്തുതന്നെ ആരേയും അറിയിക്കാതെ മറ്റൊരുദിവസം വരുമെന്നുകൂടി മാധ്യമങ്ങളോട് പറഞ്ഞിട്ടാണ് മടങ്ങിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സംഘടിച്ചതിന് ഇരുനൂറോളം അയ്യപ്പവിശ്വാസികള്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഭക്തിയില്ലെങ്കില്‍ ശബരിമലയില്‍ പോകുന്നതെന്തിന്? ക്ഷേത്രാചാരാനുഷ്ഠാനങ്ങളും പാലിക്കാത്തവരെ പോലീസ് അകമ്പടിയോടെ എഴുന്നള്ളിക്കണോ? ആക്റ്റിവിസ്റ്റുകളും ഫെമിനിസ്റ്റുക്കാരും സമൂഹത്തിനാകെ വെല്ലുവിളിയായി മാറുന്നത് ലജ്ജാകരം.
ശ്രീജിത്ത് വഞ്ഞോട്, മട്ടന്നൂര്‍
ഇത്തവണ, മുല്ലപ്പെരിയാറിനെ ഒഴിവാക്കി, ശബരിമലയെ പിടിച്ചു
മനുഷ്യനിര്‍മിത പ്രളയത്തിനുശേഷം ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞില്ല. അക്കാര്യം മറച്ചുവയ്ക്കുകയും ഒപ്പം മതമൗലികവാദികള്‍ക്കുവേണ്ടി ശബരിമല തീര്‍ത്ഥാടനം അട്ടിമറിച്ചു ആചാര അനുഷ്ഠാനങ്ങളെ ഇല്ലാതാക്കി ഹിന്ദു സംസ്കാരത്തെ തകര്‍ത്ത് മതംമാറ്റം പ്രോത്സാഹിപ്പിക്കുക എന്നൊരു ലക്ഷ്യവും തല്പര കക്ഷികള്ക്ക്ുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു.
മുന്‍വര്‍ഷങ്ങളില്‍ ശബരിമല സീസണ് തുടങ്ങുമ്പോള്‍ ഉയരാറുള്ള മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലത്തെക്കുറിച്ചുള്ള മുറവിളി ഇക്കഴിഞ്ഞ മനുഷ്യനിര്‍മിത പ്രളയത്തോടെ നിലനില്‍ക്കില്ലെന്ന് കണ്ട തല്പരകക്ഷികള് ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ പുതിയ അടവുമായി ഇറങ്ങിയതല്ലേ എന്നും സംശയിക്കണം. അതിനവര്‍ കൂട്ടുപിടിച്ചത് ഇടതു സര്‍ക്കാരിനെയാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
വോട്ടുബാങ്ക് മാത്രം ലക്ഷ്യമാക്കി അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ഇടതു വലതു മുന്നണികള്‍ ജാതിയുടെ പേരില്‍ ചിതറിക്കിടക്കുന്ന ഹിന്ദു സമൂഹത്തെ ഒന്നിക്കാന്‍ ഒരിക്കലും അനുവദിക്കില്ല.
സവര്‍ണ്ണര്‍ -അവര്‍ണര്‍ എന്ന ലേബലില്‍ അത് പലകുറി കേരളം കണ്ടതാണ് ഈ ശബരിമല പ്രശ്നത്തില്‍ പോലും അത് ഉന്നയിച്ചത് നാം കണ്ടുകഴിഞ്ഞു.. അതുപോലെ തന്നെയാണ് മതംമാറ്റ ലോബികളും. അവരുടെയും ആവശ്യം ഹിന്ദുക്കള്‍ ജാതീയമായി വിഭജിച്ചു നില്‍ക്കണമെന്ന് തന്നെയാണ്.
ഇത്തരക്കാരുടെ നീക്കങ്ങള്‍ക്കു അല്പമെങ്കിലും തടയിടുന്നത് ശബരിമല പോലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് . അതിനാല്‍ ഇത്തരം തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ നശിച്ചുകാണാന്‍ ആഗ്രഹിക്കുന്നത് മേല്‍പ്പറഞ്ഞ തല്പര കക്ഷികളുമാണ്.
ആയതിനാല്‍ നാം ഹിന്ദുക്കള്‍ ഇനിയെങ്കിലും ഒന്നിച്ചു നില്‍ക്കുമെന്നും ജാതിയുടെയോ വര്‍ണത്തിന്റെയോ പേരില്‍ ഭിന്നിക്കുകയില്ലെന്നും തീരുമാനമെടുക്കണം, അതാരെയും ദ്രോഹിക്കാനോ മറ്റുള്ളവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനോ അല്ലെന്നും നമ്മള് ജനിച്ചുവീണ മണ്ണില്‍ സമാധാനമായി ജീവിക്കാന്‍ വേണ്ടിയാണെന്നും ഓരോരുത്തരും ഓര്‍മിക്കണം.
കൃഷ്ണകുമാര്‍, തളിപ്പറമ്പ്
നടപ്പാക്കുന്നതു കമ്മ്യൂണിസ്റ്റ് അജണ്ട
ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പിണറായി സര്‍ക്കാറിന്റെ ഹീനമായ ചെയ്യ്തികളാണ് ശബരിമലയുടെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നത്.
ഈശ്വരവിശ്വാസത്തെ ഇല്ലായ്മ ചെയ്ത് അരാജകത്തം നിറഞ്ഞ ഒരു സമൂഹത്തിലേ കമ്മ്യൂണിസ്റ്റ് വിഷവിത്തുകള്‍ വളരൂ. മനുഷ്യനെ കേവലം ഒരു യന്ത്രമായി മാത്രം കാണുന്ന തത്വശാസ്ത്രത്തിന് എങ്ങനെ ദൈവവിശ്വാസത്തേയും ക്ഷേത്രാരാധനയേയും അംഗീകരിക്കാനാവും? പക്ഷേ ഭാരതത്തിന്റെ ആദ്ധ്യാത്മിക മനസ്സ് സഹസ്രാബ്ദങ്ങളായി സചേതനമായി നിലകൊള്ളുന്നതിനെ തകര്‍ക്കാന്‍ നൂറ്റാണ്ടുകളായി പല വൈദേശിക ശക്തികളും ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഇവിടുത്തെ കമ്മ്യൂണിസ്റ്റുകള്‍ മറക്കുന്നു.
അയ്യപ്പന്മാരെ സൃഷ്ടിക്കുന്ന ഭൗതിക സാചര്യങ്ങളെ ഇല്ലാതാക്കണമെന്ന ഇഎംഎസ്സിന്റെ ആഹ്വാനം ഈ സമയത്ത് ഓര്‍ക്കുക. നിരീശ്വരവാദികളായതില് അഭിമാനം കൊള്ളുന്ന നേതാക്കള്‍ക്കു തന്നെ അവരുടെ ഭാര്യമാരയോ മക്കളേയോ അവരുടെ പാതയിലേക്ക് നയിക്കാനായില്ലെന്ന് മാത്രമല്ല മക്കളുടെയും ഭാര്യമാരുടേയും ക്ഷേത്രാരാധനക്ക് വേണ്ടസൗകര്യം ചെയ്തുകൊടുക്കുകയും ചെയ്യുന്നു.
കണിശക്കാരനെന്നും ഇരട്ടചങ്കനെന്നും വാഴ്ത്തപ്പെടുന്ന പിണറായി വിജയന് മുഖ്യമന്ത്രി പദത്തിലെത്തിയതോടെ അദ്ദേഹം ‘ചരിത്രം സൃഷ്ടിക്കാനുള്ള’ വൃഥാവേലയിലാണ്. ഉപദേശികളുടെ മണ്ടത്തരങ്ങള്കേട്ടും മുഖസ്തുതിപാടകരുടെ പൊള്ളയായ വാക്കുകളില്‍ മയങ്ങിയും പിണറായി സ്വപ്നലോകത്താണ്. ഭാരതത്തിലെ ഒരു സംസ്ഥാനമാണ് കേരളമെന്നുപോലും അദ്ദേഹം മറക്കുന്നു. കോഴിക്കോട് ഡിവൈഎഫ്ഐ സമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിച്ചത് നവകേരള നിര്‍മിതിയില്‍ ആര്‍എസ്എസ് അല്ലാത്ത എല്ലാവര്ക്കും പങ്കുണ്ടെന്നാണ്.
പ്രളയകാലത്തും പ്രളയാനന്തര സേവനപ്രവര്‍ത്തനത്തിലും സംഘം ചെയ്ത പ്രവര്‍ത്തനങ്ങളുടെ അടുത്തെത്താന്‍പോലും ഒരു സംഘടനക്കുമായില്ല. ആര്‍എസ്എസ്സുകാരനായ പ്രധാമന്ത്രിയാണ് കേരളത്തിന് വേണ്ട എല്ലാ പണവും നല്കുന്നതെന്നുപോലും ഈ അല്പനായ മുഖ്യന് ഓര്‍ത്തില്ല. വിഡ്ഡികളായ അണികളുടെ കയ്യടിയിലും ആര്‍പ്പുവിളിയിലും ഇയാള്‍ സ്വയം മറക്കുന്നു. വളരെ ശാന്തമായി കോടിക്കണക്കിന് ഭക്തര്‍ ആരാധന നടത്തിവന്ന ശബരിമലയെ തകര്‍ക്കാന്‍ ഈ കുത്സിത നീക്കങ്ങള്‍ക്കൊന്നും സാധ്യമല്ലെന്ന് ഇതുവരെ നടന്ന ഇവരുടെ പരാജയത്തില്‍ നിന്നും മനസ്സിലാക്കാം.
തെരുവത്ത് രവീന്ദ്രന്, വേങ്ങര
പ്രതികരിക്കാൻ ഇവിടെ എഴുതുക: