ന്യൂദല്‍ഹി: ശക്തമായ ഭക്തജന പ്രതിഷേധത്തെത്തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ നല്കിയ സാവകാശ ഹര്‍ജിയില്‍ ആചാര സംരക്ഷണത്തിനായി രംഗത്തുള്ള അയ്യപ്പഭക്തരെ വിശേഷിപ്പിക്കുന്നത് തെമ്മാടിക്കൂട്ടമെന്ന്. ശബരിമലയില്‍ യുവതീ പ്രവേശനം തടയാന്‍ ചിലര്‍ ശ്രമിക്കുന്നെന്നും ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് നേരേ തെമ്മാടിത്തരവും കൈയേറ്റവും നടക്കുന്നതായി മാധ്യമങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്നതായും ബോര്‍ഡിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയും യുവതീപ്രവേശനത്തിനെതിരായുള്ള ശക്തമായ പ്രതിഷേധവും കണക്കിലെടുത്ത് വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയം നല്‍കണമെന്നും അഡ്വ.പി.എസ്. സുധീര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബെഞ്ചില്‍ ബോര്‍ഡിന്റെ അഭിഭാഷകര്‍ ഹര്‍ജി ശ്രദ്ധയില്‍പ്പെടുത്തിയേക്കും.
ജനുവരി 20 വരെ നീളുന്ന തീര്‍ഥാടനകാലത്ത് ക്ഷേത്ര പ്രവേശനത്തിനായി പേര് രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത് ആയിരത്തോളം സ്ത്രീകളാണ്. യുവതികളുടെ സുരക്ഷാപ്രശ്നമടക്കം കണക്കിലെടുക്കുമ്പോള്‍ നിലവിലെ സാഹചര്യത്തില്‍ ഇത്രയധികം സംവിധാനങ്ങള്‍ ഒരുക്കാന്‍ ബോര്‍ഡിന് സാധിക്കില്ല. സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടും ദര്‍ശനത്തിനായി ശബരിമലയിലെത്തുന്ന യുവതികളെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പ്രതിഷേധക്കാരെ പിന്‍വലിപ്പിക്കാന്‍ സാധിക്കുന്നില്ല. യുവതീപ്രവേശനത്തെ ചിലരും രാഷ്ട്രീയ സംഘടനകളും എതിര്‍ക്കുന്നത് സംസ്ഥാനത്തും ശബരിമലയിലും വലിയ ക്രമസമാധാന പ്രശ്നമായി മാറി. വിധിക്ക് ശേഷം തുലാമാസ പൂജകള്‍ക്കും ചിത്തിര ആട്ട വിശേഷത്തിനും നട തുറന്നപ്പോള്‍ യുവതികള്‍ പ്രവേശിക്കാനെത്തിയെങ്കിലും ചിലര്‍ പ്രതിഷേധം സംഘടിപ്പിച്ചതിനാല്‍ പ്രവേശനം സാധ്യമാക്കാനായില്ല. നടപ്പാക്കാന്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിനാലാണ് വിധി നടപ്പാക്കാന്‍ സാവകാശം തേടി കോടതിയെ സമീപിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു.
ആഗസ്തിലുണ്ടായ മഹാപ്രളയം പമ്പയിലും പരിസരങ്ങളിലും വലിയ നാശനഷ്ടമുണ്ടാക്കി. കെട്ടിടങ്ങളും കടകളും തീര്‍ത്ഥാടകരുടെ അഭയ കേന്ദ്രങ്ങളും ശൗചാലയങ്ങളും ശുചീകരണ സംവിധാനങ്ങളുമെല്ലാം താറുമാറായി. പമ്പ ഗതിമാറി ഒഴുകിയതോടെ ശബരിമലയിലേക്കുള്ള പ്രവേശനം പോലും സാധ്യമല്ലാതായിരുന്നു. പമ്പയില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലും തയാറാക്കാനാവാത്ത അവസ്ഥയിലാണ് ദേവസ്വം ബോര്‍ഡ്.
സ്ത്രീകളെത്തുമ്പോള്‍ അവര്‍ക്കാവശ്യമായ ശുചിമുറികളും വിശ്രമമുറികളും ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ വേണം. ഇതിനായി കുറച്ച് സമയം സാവകാശം നല്‍കണം. സപ്തംബര്‍ 28ലെ വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണം. നിലവിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: