പമ്പ: ശബരിമലയിലെത്തുന്ന അയ്യപ്പന്മാര് അയല്‍രാജ്യങ്ങളില്‍ നിന്നുള്ള തീവ്രവാദികളാണോയെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഞായറാഴ്ച രാത്രിയില്‍ സന്നിധാനത്ത് നടന്ന പോലീസ് അതിക്രമത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് നടപടിയെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്. സ്റ്റാലിന്റെ കാലത്തു പോലും നടക്കാത്ത കാര്യങ്ങളാണിത്. സന്നിധാനത്ത് കൂടി നിന്ന് പ്രാര്‍ഥിക്കുന്നത് നിയമലംഘനമാണെന്നും 144ന്റെ ലംഘനമാണെന്നും പറയുന്നത് എന്തടിസ്ഥാനത്തിലാണ്. ഞാനും ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേട്ടായിരുന്നു. അയ്യപ്പന്മാര്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും സന്നിധാനത്ത് പോയി മടങ്ങി വന്നശേഷം അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ സര്‍ക്കാര്‍ കലാപത്തിന് ഒരുങ്ങുന്നു. യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ശബരിമലയിലെ പ്രശ്നങ്ങളെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ശബരിമല വികസനത്തിന് നൂറ് കോടി രൂപ അനുവദിച്ചില്ലെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന തെറ്റാണ്. കേന്ദ്രം അനുവദിച്ച തുകയില്‍ ഒരു രൂപ പോലും സംസ്ഥാനം ചെലവഴിച്ചിട്ടില്ലെന്നും കണ്ണന്താനം ചൂണ്ടിക്കാട്ടി. കേന്ദ്രം അനുവദിച്ച തുകയുടെ കണക്കുകള്‍ അദ്ദേഹം അക്കമിട്ട് നിരത്തി. എന്നാല്‍, വിനിയോഗിച്ച തുകയുടെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒന്ന് പോലും ലഭിച്ചിട്ടില്ല. സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഒരോ ഗഡു തുകയും അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ഭക്തര്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് കേന്ദ്രത്തിന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കും, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: