അമ്മാന്: ജോര്‍ദാനെതിരായ രാജ്യാന്തര സൗഹൃദ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. ജോര്‍ദാന്‍ ഗോള്‍കീപ്പര്‍ ഗോള്‍ കിക്കില്‍ നിന്ന് ഗോള്‍ നേടിയതടക്കം സംഭവബഹുലമായ മത്സരത്തിനൊടുവിലാണ് ഇന്ത്യ തലകുനിച്ചത്. അമെര്‍ ഷാഫി (25) ഇഹ്സാന്‍ ഹദാദ് (58) എന്നിവര്‍ ആതിഥേയര്‍ക്കായി സ്കോര്‍ ചെയ്തു. ഇന്ത്യയുടെ ഗോള്‍ പകരക്കാരന് നിഷുകുമാറിന്റെ (61) വകയായിരുന്നു.
കളിയുടെ ഒമ്പതാം മിനിറ്റില്‍ ബാനി അത്തെയുടെ പെനാല്‍ട്ടി തടുത്തിട്ട് വീരനായകനായ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ മണ്ടത്തരാണ് ജോര്‍ദാന്റെ ആദ്യ ഗോളിന് കാരണം. ഗുര്‍പ്രീത് പോസ്റ്റില്‍ നിന്ന് ഏറെ മുന്നോട്ടുകയറി നില്‍ക്കുന്നത് മനസ്സിലാക്കിയ ജോര്‍ദാന്‍ ഗോളി അമെര്‍ ഷാഫി പന്ത് നീട്ടിയടിച്ചു. ഷാഫിയുടെ കിക്ക് ഗുര്‍പ്രീതിന്റെ മുന്നില്‍ കുത്തിയുയര്‍ന്ന് വലയിലേക്ക് നീങ്ങിയപ്പോള്‍ പിന്നോട്ട് ഓടി കുത്തിയകറ്റാനുള്ള ശ്രം വിജയിച്ചില്ല. പെനാല്‍റ്റി കിക്കില്‍ നിന്നും മറ്റും ഗോളിമാര്‍ ഗോളടിച്ചിട്ടുണ്ടെങ്കിലും ഗോള്‍കിക്കില്‍ നിന്ന് ഗോളടിച്ച ഗോളിയായി ഷാഫി ചരിത്രത്തില്‍ ഇടവും നേടി.
ജോര്‍ദാന്റെ രണ്ടാം ഗോള്‍ ഇന്ത്യന്‍ പ്രതിരോധത്തിന്റെ പിഴവില്‍ നിന്നായിരുന്നു. സമീര്‍ ലെയ്സ് നല്കിയ പന്ത് പിടിച്ചെടുക്കുമ്പോള്‍ ഹദാദിന് മുന്നില്‍ ആരുമുണ്ടായിരുന്നില്ല. ബോക്സിന് തൊട്ടു പുറത്തുനിന്നുള്ള ഹദാദിന്റെ തകര്‍പ്പനടി വലയില്‍ കയറിയപ്പോള്‍ ഇന്ത്യന്‍ ഗോളിക്ക് യാതൊന്നും ചെയ്യാനായില്ല. തൊട്ടുപിന്നാലെ ഇന്ത്യ ഒരു ഗോള്‍ മടക്കി. ജര്‍മന്‍പ്രീത് സിങ് താഴ്ത്തി നല്കി ക്രോസിനെ നിഷുകുമാര്‍ അനായാസം ജോര്‍ദാന്‍ വലയിലെത്തിച്ചു.
സ്ട്രൈക്കര്‍മാരായ ജെജെ ലാല്‍പെഖുല, ബല്‍വന്ത് സിങ്, സുമിത് പാസി എന്നിവര്‍ പുറത്തിരുന്നതോടെ മധ്യനിരക്കാരന് അനിരുഥ് ഥാപ്പയെ സ്ട്രൈക്കറാക്കിയാണ് ഇന്ത്യ കളിച്ചത്.
ഇത് ഇന്ത്യന്‍ കളിയുടെ താളം തെറ്റിച്ചു. കളിയുടെ സമസ്ത മേഖലകളിലും ജോര്‍ദാന്‍ താരങ്ങളുടെ ആധിപത്യമാണ് കണ്ടത്.
കനത്ത മഴ മൂലം ആദ്യം ഉപേക്ഷിച്ചെന്നു പ്രഖ്യാപിച്ച മല്‍സരം പിന്നീട് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 27ന് ഒമാനെതിരെയാണ് ഇന്ത്യയുടെ അടുത്ത കളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: