കാന്‍ഡി: ശ്രീലങ്കക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇംഗ്ലണ്ട് നേടി. രണ്ടാം ടെസ്റ്റില്‍ 57 റണ്‍സിന്റെ വിജയം നേടിയതോടെ ഇംഗ്ലണ്ട് 2-0ന് മുന്നിലെത്തി.
സ്കോര്‍ ചുരുക്കത്തില്‍: ഇംഗ്ലണ്ട് 290, 346, ശ്രീലങ്ക 336, 243.
രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ 243 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ജാക്ക് ലീച്ച്, നാല് വിക്കറ്റ് നേടിയ മൊയിന്‍ അലി എന്നിവരാണ് ലങ്കയുടെ നടുവൊടിച്ചത്. 88 റണ്‍സ് നേടിയ എയ്ഞ്ചലോ മാത്യൂസാണ് ലങ്കയുടെ ടോപ് സ്കോറര്‍. ഒന്നാം ഇന്നിങ്സില്‍ 46 റണ്‍സിന്റെ ലീഡ് നേടിയ ശേഷമാണ് ആതിഥേയരായ ശ്രീലങ്ക തോറ്റത്.
ഏഴിന് 226 എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ്ങ് തുടര്‍ന്ന ശ്രീലങ്കയ്ക്ക് 18 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനേ കഴിഞ്ഞുള്ളൂ. 27 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ഡിക്വെല്ല എട്ട് റണ്‍സ് കൂടി സ്കോറിനോട് ചേര്‍ത്ത് പുറത്തായി. സ്കോര്‍ 8ന് 240. ഇതേ സ്കോറില്‍ തന്നെ ഒമ്പതാം വിക്കറ്റും വീണു. റണ്ണൊന്നുമെടുക്കാതിരുന്ന ലക്മലിനെ അലി ബൗള്‍ഡാക്കി. സ്കോര്‍ 243-ല്‍ എത്തിയപ്പോള്‍ ഒരു റണ്ണെടുത്ത പുഷ്പകുമാരയെ ലീച്ച് സ്വന്തം ബൗളിങില്‍ പിടികൂടിയതോടെ ലങ്കന്‍ ഇന്നിങ്സിന് തിരശ്ശീല വീണു. രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ ജോ റൂട്ടാണ് മാന്‍ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: