റോട്ടര്‍ഡാം: ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ യുവേഫ നേഷന്‍സ് ലീഗില്‍ ഹോളണ്ട് അട്ടിമറിച്ചു. റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയാതെപോയ ഹോളണ്ട് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സിനെ കീഴടക്കിയത്.
ഇടവേളയ്ക്ക് മുമ്പ് മധ്യനിര താരം ജോര്‍ജിനോ വിജ്നാള്ഡമും അധിക സമയത്ത് പെനാല്‍റ്റിയിലൂടെ മെംഫിസ് ഡിപേയുമാണ് ഗോളുകള്‍ നേടിയത്.
മത്സരത്തിലുടനീളം ഡച്ചിന്റെ ആധിപത്യമായിരുന്നു. ഒട്ടെറെ തവണ അവര്‍ ഗോളിനടുത്തെത്തിയെങ്കിലും ഫ്രാന്‍സ് ഗോളി ഹ്യൂഗോ ലോറിസിന്റെ മിന്നുന്ന പ്രകടനം അവര്‍ക്ക് വിലങ്ങുതടിയായി. ആദ്യ പകുതിയവസാനിക്കാന്‍ ഒരു മിനിറ്റുള്ളപ്പോള്‍ ജോര്‍ജിനോ ഹോളണ്ടിനെ മുന്നിലെത്തിച്ചു. 52 രാജ്യാന്തര മത്സരങ്ങളില്‍ ജോര്‍ജിനോയുടെ പത്താം ഗോളാണിത്. അധികസമയത്ത് ഡിപേ പെനാല്‍റ്റി ഗോളാക്കി ഹോളണ്ടിന്റെ ലീഡ് ഉയര്‍ത്തി.
ഈ വിജയത്തോടെ ഹോളണ്ട് മൂന്ന് മത്സരങ്ങളില്‍ ആറു പോയിന്റുമായി ഗ്രൂപ്പ് എ യില്‍ രണ്ടാം സ്ഥാനത്തെത്തി. അവസാന മത്സരത്തില്‍ ജര്‍മനിയെ സമനിലയില്‍ തളച്ചാല്‍ ഹോളണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരാകും. നാല് മത്സരങ്ങളില്‍ ഏഴു പോയിന്റുള്ള ഫ്രാന്‍സാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: