സഗ്രേബ്: ടിന് ജെഡ്വാജ് അവസാന നിമിഷങ്ങളില്‍ നേടിയ ഗോളില്‍ ക്രൊയേഷ്യക്ക് നാടകീയ വിജയം. നേഷന്‍സ് ലീഗിലെ ആവേശപ്പോരാട്ടത്തില്‍ അവര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്പെയിനെ തോല്‍പ്പിച്ചു.
മത്സരം സമനിലയിലേക്ക്് നീങ്ങവേ, രണ്ടാം പകുതിയുടെ അധികസമയത്താണ് ടിന് വിജയഗോള്‍ നേടിയത്. സ്പാനിഷ് ഗോള്‍മുഖത്തുണ്ടായ കൂട്ടപ്പൊരിച്ചിലിനിടയില്‍ ടിന് പന്ത് വലയിലാക്കി. ടിന്നിന്റെ രണ്ടാം ഗോളാണിത്. 69-ാം മിനിറ്റിലും ഈ താരം ലക്ഷ്യം കണ്ടിരുന്നു. ക്രമാറിക്കാണ് ക്രൊയേഷ്യയുടെ ആദ്യ ഗോള്‍ നേടിയത്. സ്പെനിനായി സെബല്ലോസും റാമോസുമാണ് ഗോളടിച്ചത്.
ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യക്ക്് ഈ വിജയം മധുര പ്രതികാരമായി. നേഷന്‍സ് ലീഗില്‍ നേരത്തെ അവര്‍ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്ക് സ്പെനിനിനോട് അടിയറവ് പറഞ്ഞിരുന്നു.
ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ചും ഇവാന് റാകിടിച്ചും തകര്‍ത്തുകളിച്ച മത്സരത്തില്‍ തുടക്കം മുതലേ ക്രൊയേഷ്യ ആധിപത്യം സ്ഥാപിച്ചു. ആദ്യത്തെ പത്ത് മിനിറ്റില്‍ രണ്ടു തവണ അവര്‍ ഗോളിനടുത്തെത്തുകയും ചെയ്തു. പക്ഷെ ഗോളിടിക്കാനായില്ല. ആദ്യ പകുതിയവസാനിക്കുമ്പോള്‍ സ്കോര്‍ 0-0.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ക്രാമറിക്ക് ക്രൊയേഷ്യയെ മുന്നിലെത്തിച്ചു. സെര്‍ജിയോ റാമോസിന്റെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്്.
പക്ഷെ ഗോളാരവം അവസാനിക്കും മുമ്പ് സ്പെയിന് സമനില പിടിച്ചു. ഇസ്കോയുടെ പാസ് മുതലാക്കി ഡാനി സെബലോസ് ക്രൊയേഷ്യന്‍ വലയിലേക്ക് നിറയൊഴിച്ചു. പതിമൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ക്രൊയേഷ്യ വീണ്ടും ലീഡ് നേടി. ലൂക്കാ മോഡ്രിച്ചിന്റെ പാസില്‍ തലവെച്ച് ടിന് സ്കോര്‍ ചെയ്തു. 78-ാം മിനിറ്റില്‍ സ്പെയിന് സമനില നേടി. പെനാല്‍റ്റിയിലൂടെ റാമോസാണ് ഗോള്‍ നേടിയത്. അവസാന നിമിഷത്തില്‍ ടിന് നിര്‍ണായക ഗോളില്‍ ക്രൊയേഷ്യക്ക് വിജയം സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: