പത്തനംതിട്ട: ശബരിമലയെ തകര്‍ക്കാനുള്ള പിണറായി വിജയന് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എന്‍ഡിഎ ചെയര്മാന് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയും കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയും നയിച്ച ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് പത്തനംതിട്ടയില്‍ ഉജ്ജ്വല സമാപനം. ഭക്തരുടെ വികാരം മനസ്സിലാക്കി സുപ്രീംകോടതി റിവ്യൂ ഹര്‍ജി പരിഗണിക്കാന്‍ തീരുമാനിച്ച ദിവസം പത്തനംതിട്ടയില്‍ തടിച്ചുകൂടിയ വന്‍ ജനാവലി പിണറായി സര്‍ക്കാരിനുള്ള മുന്നറിയിപ്പായി.
വൈകിട്ട് റാന്നി-പ്ലാച്ചേരിയില്‍ നിന്ന് രഥയാത്രയെ ജില്ലയിലേക്ക് സ്വീകരിച്ചു. നൂറുകണക്കിന് ഇരുചക്രവാഹനങ്ങള്‍ ഘോഷയാത്രയില്‍ അണിനിരന്നു. നിരവധി വാഹനങ്ങളും രഥയാത്രയ്ക്ക് അകമ്പടിയായെത്തി. സ്ത്രീകളടക്കം ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ പ്രാര്‍ഥനയോടെ കാത്തുനിന്നിരുന്നു. ആറു മണിയോടെ പത്തനംതിട്ട നഗരത്തിലെത്തിയ യാത്രയെ ഗാന്ധിസ്ക്വയറില്‍ നിന്നു സ്വീകരിച്ച് സമ്മേളന നഗരിയായ ജില്ലാ സ്റ്റേഡിയത്തിലേക്ക് ആനയിച്ചു. ഇതോടൊപ്പം വന്‍ ജനാവലി സമ്മേളന നഗരിയിലേക്ക് ഒഴുകിയെത്തി.
സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണെന്ന് സമാപന സമ്മേളനത്തില്‍ ശ്രീധരന്‍പിള്ള പറഞ്ഞു. ആചാര സംരക്ഷണത്തിനായി കാസര്‍ഗോഡ് നിന്നാരംഭിച്ച രഥയാത്ര ചരിത്ര വിജയമായിരുന്നു. തുടക്കത്തില്‍ എതിര്‍ത്തവര്‍ പോലും പിന്നീട് പിന്തുണയുമായി എത്തി, അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ വികാരം മനസ്സിലാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വിശ്വാസസമൂഹത്തിനു വേണ്ടിയാണ് രഥയാത്ര സംഘടിപ്പിച്ചത്. മുമ്പ് കോടതി വിധികളെ മറികടക്കാന്‍ സര്‍ക്കാരുകള്‍ നിയമനിര്മാണമടക്കമുള നടപടികള്‍ സ്വീകരിച്ചിരുന്നു. ശബരിമലയെ സംബന്ധിച്ച വിധി വന്ന് മിനിറ്റുകള്‍ക്കകം അത് നടപ്പാക്കാന്‍ സര്ക്കാന് തിടുക്കം കാണിച്ചു, തുഷാര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: